Mon. Dec 23rd, 2024
ദമാം:

സൗദിയില്‍ യാചക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇനി മുതല്‍ കടുത്ത ശിക്ഷ. ഇതിനായുള്ള പുതിയ കരടുനിയമം തൊഴില്‍ മന്ത്രാലയം തയാറാക്കുകയാണ്. വിദേശികളായ യാചകരെ നാടുകടത്താനുള്ള വ്യവസ്ഥയുമുണ്ടാകും. സൗദിയില്‍ യാചക വൃത്തിയിലേര്‍പ്പെട്ടു പിടിയിലാകുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ കരട് നിയമം തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ചേര്‍ന്നാണ് തയാറാക്കുന്നത്.

സ്വദേശികളായ യാചകര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍, വിദേശികള്‍ക്ക് ഒരു വര്‍ഷം വരെ തടവും പിന്നീട് നാടുകടത്തലുമായിരിക്കും ശിക്ഷ. യാചക വൃത്തിയില്‍ ഏര്‍പ്പെട്ടു പിടിക്കപ്പെടുന്ന വിദേശികളെ വീണ്ടും സൗദിയില്‍ എത്തുന്നതിന് വിലക്കേര്‍പ്പെടുത്തും.

യാചക വൃത്തിയിലൂടെ സമ്ബാദിക്കുന്ന പണവും വസ്തുവകകളും കണ്ടുകെട്ടുന്നതിനും പുതിയ നിയമം അനുശാസിക്കുന്നു. യാചക വൃത്തിക്ക് പ്രേരിപ്പിക്കുന്നവര്‍ക്കും ഇതിനു ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്യുന്നവര്‍ക്കും നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കും.

പ്രത്യക്ഷമായോ പരോക്ഷമായോ പണത്തിന് വേണ്ടി യാചിക്കുന്നതും മറ്റുള്ളവരെ സ്വാധീനിക്കുന്നതിനും അനുകമ്പ നേടുന്നതിനും കുട്ടികളെ ചൂഷണം ചെയ്യുന്നതും യാചക വൃത്തിയായി കണക്കാക്കും.

പൊതു സ്ഥലങ്ങളിലും ആരാധന കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും യാചക വൃത്തി നടത്തുന്നവരെയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി യാചക വൃത്തിയില്‍ ഏര്‍പ്പെടുന്നവരെയും യാചകരായി നിയമം പരിഗണിക്കുമെന്നും പുതിയ കരട് നിയമത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *