തിരുവനന്തപുരം:
തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അലൈന്‍മെന്റ് അംഗീകരിച്ചത്. തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നാണ് ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും.
തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ളതില്‍ നിന്ന് മാറി പുതിയ ലൈന്‍ നിര്‍മ്മിക്കേണ്ടി വരും. തിരൂര്‍ മുതല്‍ കാസര്‍കോഡ് വരെ നിലവിലെ ലൈനിന് സമാന്തരമായി പുതിയ ലൈന്‍ സ്ഥാപിക്കും.
കേരളത്തിലെ യാത്രാ ദുരിതത്തിന് വലിയ അളവ് പരിഹാരം കാണുന്നതാണ് നിര്‍ദ്ദിഷ്ട തിരുവനന്തപുരം കാസര്‍കോട് സെമി ഹൈ സ്പീഡ് റെയില്‍ പാത. നിലവില്‍ പന്ത്രണ്ടും പതിനഞ്ചും മണിക്കൂര്‍ യാത്ര വേണ്ടി വരുന്നിടത്ത് നാലര മണിക്കൂര്‍ കൊണ്ട് തിരുവന്തപുരത്ത് നിന്ന് കാസര്‍കോഡ് എത്താന്‍ കഴിയുന്നതാണ് പുതിയ പാത.
കൊച്ചുവേളിയില്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസിനായി പുതിയ റെയില്‍വേസ്റ്റേഷന്‍ സമുച്ചയം നിര്‍മ്മിക്കും. മെഡിസിറ്റി ആശുപത്രിയുടെ പിറകിലായി കൊല്ലത്ത് പുതിയ സ്റ്റേഷനും നിര്‍മ്മിക്കും. പദ്ധതിയുടെ ഭാഗമായി ഒന്‍പതോളം പുതിയ സ്റ്റേഷനുകളാണ് നിര്‍മ്മിക്കേണ്ടി വരുക.
സെമി ഹൈ സ്പീഡ് ട്രെയിന്‍ ആയതിനാല്‍ പാളങ്ങളില്‍ വളവുകളും തിരിവുകളും പാടില്ല. 575 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മ്മിക്കേണ്ടത്. മണിക്കൂറില്‍ 160 മുതല്‍ 180 വരെ കിലോ മീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. അറുപതിനായിരം കോടി രൂപ ചിലവില്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി.