#ദിനസരികള്‍ 833
ഈ മഹാരാജ്യം മനുഷ്യന് ജീവിക്കാന്‍ പറ്റാത്തതായിരിക്കുന്നുവെന്ന തരരത്തിലുള്ള പല പ്രസ്താവനകളും കുറേക്കാലമായി നാം കേട്ടുവരുന്നു. അപ്പോഴൊക്കെ രാജ്യം മാറിച്ചിന്തിക്കുമെന്നും മനുഷ്യനെ മനുഷ്യനായി പരിഗണിക്കുന്ന ഒരു ഘട്ടംവന്നു ചേരുമെന്നും നാം പ്രതീക്ഷിച്ചു. എന്നാല്‍ ഇപ്പോഴാകട്ടെ ആ പ്രതീക്ഷകളൊക്കെ അസ്തമിച്ചൊടുങ്ങുന്നു. ഇങ്ങിനി ഒരു പ്രതീക്ഷയുമില്ലാത്ത വിധത്തില്‍ വിഷജന്തുക്കള്‍ അതിന്റെ ഫണങ്ങള്‍ വിടര്‍ത്തി താണ്ഡവമാടിത്തുടങ്ങിയിരിക്കുന്ന ഈ രാജ്യം മനുഷ്യന് ജീവിക്കാന്‍ പറ്റാത്തതായിരിക്കുന്നു.
എങ്ങനെയാണ് നാം ഈ കെട്ടകാലത്തില്‍ നിന്നൊന്ന് പുറത്തു കടക്കുക? എങ്ങനെയാണ് നാം ഈ വഴുവഴുപ്പാര്‍ന്ന ചതുപ്പുകളില്‍ പുതഞ്ഞു തീരാതിരിക്കുക? അറിയില്ല. അസഹനീയമായ വിധത്തില്‍ നിരായുധരാക്കപ്പെട്ടിരിക്കുന്ന ഒരു ജനതയായി നാം മാറിയിരിക്കുന്നു.
ഒരു കുഞ്ഞ് ആളിക്കത്തുന്ന പന്തമായി വടക്കോട്ട് പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകുമ്പോഴും അവനെ പിന്തുടര്‍ന്നു കൊണ്ട് ജയ് ശ്രീറാം എന്നാര്‍ത്തു കൊണ്ട് ഭ്രാന്തന്മാരുടെ ഒരു കൂട്ടം പിന്നാലെ ഓടുമ്പോഴും ആ നിശബ്ദത ഭഞ്ജിക്കപ്പെടുന്നുണ്ട്. രാക്ഷസീയമായ വേഗതയില്‍ ഒരു ട്രക്ക് പാഞ്ഞടുക്കുമ്പോഴും അതിന്റെ ചക്രങ്ങള്‍ക്കടിയില്‍ പെട്ട് ഒരു കുരുന്ന് ഉടഞ്ഞു തീരുമ്പോഴും നിശബ്ദതകള്‍ ഭേദിക്കപ്പെടുന്നുണ്ട്. അപ്പോഴൊക്കെ നാം തല പൊന്തിച്ചു നോക്കുന്നു.കണ്ണുകള്‍ വലിച്ചു തുറന്ന് ചുറ്റുപാടും പകച്ചു നോക്കുന്നു. താന്‍ ജീവിച്ചിരിക്കുന്നുവെന്ന തിരിച്ചറിവുണ്ടാക്കിയ അമ്പരപ്പില്‍ ഉറക്കത്തിലേക്ക് മടങ്ങുന്നു.
ചതഞ്ഞതും മുനയൊടിഞ്ഞതുമായ വാക്കുകളാല്‍ തീര്‍ക്കപ്പെടുന്ന പ്രതിഷേധ സാഹിത്യങ്ങളെ വായനക്കാരന്‍ പുച്ഛത്തോടെ തള്ളിനീക്കുന്നു. ഒരാളുടേയും മനസാക്ഷിയെ ചെന്നു തൊടാന്‍ ശേഷിയില്ലാത്ത അത്തരം വാക്കുകള്‍ നഗരവീഥികളുടെ പാര്‍ശ്വങ്ങളിലെ കുപ്പത്തൊട്ടികളിലേക്ക് ചെന്നു വീഴുന്നു. എന്തു പറയണമെന്നോ എന്തു ചെയ്യണമെന്നോ ആര്‍ക്കും അറിയാത്ത ഒരവസ്ഥയില്‍ അയവില്ലാത്ത നിശബ്ദത നമ്മെ വന്നു മൂടുന്നു.
പഠിക്കുകയും പറയുകയും ചെയ്ത എല്ലാ മൂല്യങ്ങളും അഥവാ ഒരു കാലത്ത് മൂല്യങ്ങളെന്ന് കരുതിയിരുന്നവയൊക്കെത്തെന്നെ അവയുടെ യഥാര്‍ഥ മുഖം പുറത്തു കാണിച്ചുകൊണ്ട് തലകുത്തനെ നിന്ന് വേതാള നൃത്തം ചവിട്ടുന്നു. അവസരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന ചെന്നായ്ക്കളെപ്പോലെ അവ കോമ്പല്ലുകള്‍ പുറത്തു കാട്ടി നമുക്കിടയിലൂടെ ഇരകളെത്തേടി ഉഴറി നടക്കുന്നു.
മനുഷ്യനായി അവശേഷിക്കുന്നവര്‍ക്ക് ഇനി ഒന്നേ ചെയ്യാനുള്ളു. സ്വയമൊരു പന്തമായി എരിയുക. ആ വെളിച്ചത്തില്‍ അപരന് ശരികളുടെ വഴികളെ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലോ എന്ന പ്രതീക്ഷ മാത്രം ബാക്കിവെക്കുക.സ്വയം നിന്നു കത്തുന്ന ഒരുവന്റെ തീച്ചൂടിലേക്ക് ഈ വേട്ടനായ്ക്കള്‍ വന്നു കയറില്ലെന്ന് സമാശ്വസിക്കുക.
അതുകൊണ്ട് ഗുരുവേ , അവസാനമായി ഒരു തമാശ പറയാമോ?
ഗുരു പതിയെ അനുഭാവ പൂര്‍വ്വം തലയാട്ടിക്കൊണ്ട് അവനോട് പറഞ്ഞു –“ജനാധിപത്യം”
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.