Mon. Dec 23rd, 2024

ഡോക്ടര്‍ മുത്തുലക്ഷ്മി റെഡ്ഡിയെ ആദരിച്ചു ഗൂഗിള്‍ ഡൂഡില്‍. ഡോ.മുത്തുലക്ഷമിയുടെ 133ാം ജന്മദിനത്തിലാണ് ഗൂഗിൾ തന്റെ ഡൂഡിൽ മുത്തുലക്ഷ്മിയുടെ ചിത്രം പ്രദശിപ്പിച്ചത്. ആദ്യ വനിതാ നിയമസഭാംഗം എന്നതിനപ്പുറത്തേക്ക്, സര്‍ക്കാര്‍ ആശുപത്രിയിലെ ആദ്യ വനിതാ ഹൗസ് സർജൻ, പുരുഷന്മാരുടെ കോളേജില്‍ പ്രവേശനം നേടിയ ആദ്യ വനിതാ വിദ്യാര്‍ത്ഥിനി, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടി പോരാടിയ ധീര വനിത എന്നീ നിലകളിലും പ്രശസ്തയായിരുന്നു മുത്തുലക്ഷ്മി റെഡ്ഡി.

1886 ൽ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലായിരുന്നു മുത്തുലക്ഷ്മിയുടെ ജനനം. മഹാരാജാസ് കോളേജിലെ പ്രൊഫസറായിരുന്ന നാരായണസ്വാമിയാണ് പിതാവ്, മാതാവ് ചന്ദ്രമ്മാള്‍ വീട്ടമ്മയായിരുന്നു. നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ളതായിരുന്നു മുത്തുലക്ഷ്മിയുടെ ഉപരിപഠനം. അങ്ങനെ, മദ്രാസ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടുന്ന ആദ്യ വനിതാവൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയും 1912ല്‍ ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറുമായി അവർ മാറി. ഡോ. മുത്തുലക്ഷ്മി തന്നെയാണ് സര്‍ക്കാര്‍ മെറ്റേണിറ്റി ആന്‍ഡ് ഒഫ്താല്‍മിക് ആശുപത്രിയിലെ ആദ്യ വനിത ഹൗസ് സര്‍ജനും.

ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവുമായുള്ള പരിചയം മുത്തുലക്ഷ്മിയെ വനിതാ സമ്മേളനങ്ങളില്‍ സജീവമാക്കി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്ന അവരുടെ പ്രചോദനം മഹാത്മാഗാന്ധിയായിരുന്നു. 1927-ല്‍ മദ്രാസ് നിയമസഭയില്‍ വനിതാ സാമാജികയായി തുടങ്ങി, അനാഥരായ പെണ്‍കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ചെന്നൈയില്‍ അവ്വൈ ഹോമിന് ആരംഭം കുറിച്ചു. ഒപ്പം, പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുക, അവര്‍ക്കെതിരായ ലൈംഗികചൂഷണങ്ങള്‍, നിരക്ഷരത എന്നീ വിഷയങ്ങളിലും അതിശക്തമായ ഇടപെടലുകൽ നടത്തുവാൻ ഡോക്ടർക്ക് കഴിഞ്ഞു.

കാന്‍സര്‍ രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്നതിനായി 1954-ല്‍ മുത്തുലക്ഷ്മി ആരംഭിച്ച അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് പ്രശസ്തമായ കാന്‍സര്‍ ചികിത്സാ കേന്ദ്രമാണ്. 1956-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ഡോക്ടറെ ആദരിച്ചു. ജീവിതപങ്കാളി ഡോ.സുന്ദര റെഡ്ഡി. 1968-ല്‍ അവരുടെ 81-ാം വയസ്സില്‍, മുത്തുലക്ഷ്മി ലോകത്തോട് വിടപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *