ലക്നോ:
ഉത്തർപ്രദേശിലെ സോൻഭദ്രയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട ആദിവാസികളുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് സഹായധനം കൈമാറി. 10 ലക്ഷം രൂപ വീതമാണ് കൈമാറിയത്. വെടിവെപ്പ് നടന്നതിന് പിന്നാലെ സോന്‍ഭദ്രയില്‍ സന്ദര്‍ശനം നടത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപവീതം കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ജൂലൈ 17നാണ് സോൻഭദ്രയിൽ ഭൂമിതർക്കത്തെ തുടർന്ന് ഗ്രാമത്തലവനും കൂട്ടാളികളും നടത്തിയ വെടിവയ്പ്പിൽ കർഷകരായ ആദിവാസികൾ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന്, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ ജൂലായ് 20ന് സോൻഭദ്രയിലെത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് കസ്റ്റഡിയിലെടുത്തത് ഏറെ വിവാദമായിരുന്നു. പരിക്കേറ്റവരെ വാരാണസിയിലെ ആശുപത്രിയിൽ സന്ദർശിച്ചശേഷം സോൻഭദ്രയിലേക്ക് യാത്രതിരിച്ച പ്രിയങ്കയെ നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് മിർസാപൂരിൽ തടഞ്ഞത്.
റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. അവിടെയും കുത്തിയിരിപ്പുസമരം തുടർന്ന അവർ, മരിച്ചവരുടെ ബന്ധുക്കളെ കണ്ട് സംസാരിക്കാതെ പിന്മാറില്ലെന്ന് പ്രഖ്യാപിച്ചു. പ്രിയങ്കയെയും അനുയായികളെയും ഒഴിവാക്കാൻ ഗസ്റ്റ് ഹൗസിലെ വൈദ്യുതി രാത്രിയിൽ വിച്ഛേദിക്കപ്പെട്ടെങ്കിലും തീരുമാനത്തിൽ അവർ ഉറച്ചുനിന്നു. തങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ് തടങ്കലിലാക്കിയ വിവരമറിഞ്ഞ്, കൂട്ടക്കുരുതിക്കിരയായവരുടെ ബന്ധുക്കൾ അവരെ കാണാൻ എഴുപതു കിലോമീറ്ററോളം നടന്നു ഗസ്റ്റ് ഹൗസിലെത്തുകയായിരുന്നു.
കുടുംബാംഗങ്ങളുടെ ആവലാതികൾ കേൾക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്ത പ്രിയങ്ക, കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് കോൺഗ്രസ് 10 ലക്ഷം രൂപ വീതം നൽകുമെന്നും അറിയിച്ചു. ‘ഇപ്പോൾ ഞാൻ പോകുന്നു, വൈകാതെ തിരിച്ചുവരും’ എന്ന് ഉറപ്പുനൽകിയാണ് പ്രിയങ്ക മിർസാപൂർ വിട്ടത്. പത്തു ദിവസത്തിന് ശേഷം കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് പത്തു ലക്ഷം വീതം നൽകി വാക്കു പാലിച്ചിരിക്കുകയാണ് പ്രിയങ്ക.