കൊച്ചി :
കൊച്ചി മേയർ സൗമിനി ജെയിനിനെ മാറ്റാൻ നീക്കം. കോൺഗ്രസ്സിലെ എ ഗ്രൂപ്പിന്റെ കൈവശമാണ് മേയർ സ്ഥാനം. എ ഗ്രൂപ്പിലെ തന്നെ ഷൈനി മാത്യുവിനെ മേയറാക്കാനാണ് ധാരണയായിട്ടുള്ളത്.
കഴിഞ്ഞ തവണ കൊച്ചി കോർപ്പറേഷന്റെ ഭരണം കോൺഗ്രസിന് ലഭിച്ചപ്പോൾ രണ്ടര വർഷം സൗമിനി ജെയിനിനെയും, രണ്ടര വർഷം ഷൈനി മാത്യുവിനേയും മേയറാക്കാൻ തീരുമാനിച്ചിരുന്നു. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കൗൺസിലറാണ് ഷൈനി മാത്യു. എന്നാൽ അന്നത്തെ കെ.പി.സി.സി. പ്രസിഡന്റായിരുന്ന വി.എം. സുധീരൻ ഒരാൾ മാത്രം മതി എന്ന് നിർബന്ധം പിടിച്ചതോടെ സൗമിനി ജെയിനിനു നറുക്കു വീഴുകയായിരുന്നു.
എന്നാൽ അവസാന ഒരു വർഷമെങ്കിലും മേയറാക്കിയില്ലെങ്കിൽ താനും, ഏതാനും കൗൺസിലർമാരും രാജിവയ്ക്കുമെന്ന് ഷൈനി മാത്യു ഭീഷണി മുഴക്കിയതോടെയാണ് എറണാകുളം ഗസ്റ്റ് ഹൗസിൽ യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ എം.പി, മുൻ മന്ത്രി കെ. ബാബു, ഡോമിനിക്ക് പ്രസന്റേഷൻ, ടോണി ചമ്മിണി തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കോർപ്പറേഷനിലെ ഗ്രൂപ്പ് കൺസിലർമാർ രഹസ്യയോഗം ചേർന്ന് സൗമിനി ജെയിനിനെ മാറ്റാൻ തീരുമാനിച്ചത്. രണ്ടാഴ്ചക്കുള്ളിൽ സൗമിനി ജെയിൻ മേയർ സ്ഥാനത്തു നിന്നും മാറുമെന്നാണ് സൂചന.