Sat. Jan 18th, 2025
തിരുവനന്തപുരം:

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ഒമ്പതു പേരെക്കൂടി പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തു. നിലവിൽ, എസ്.എഫ്.ഐ. നേതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് യൂണിവേഴ്‌സിറ്റി കോളേജ് ക്യാംപസിലെ പോലീസ് സുരക്ഷ ഒഴിവാക്കിയിട്ടുണ്ട്. വിദ്യാർത്ഥിയായ അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ 19 പേരാണ് ഇതുവരെ പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഈ ലിസ്റ്റ് പ്രിൻസിപ്പാളിന് കൈമാറുകയും ചെയ്തു. അതേസമയം, ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ ഒന്നാം പ്രതി ശിവരഞ്ജിത്തിനെ കോളേജിലെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.

ഇതുവരെ, ആറുപേരെ, ആദ്യം സസ്പെൻഡ് ചെയ്തതല്ലാതെ മറ്റുള്ളവർക്കെതിരെ നടപടിയുണ്ടായിട്ടില്ലായിരുന്നു. ഇവരെ കണ്ടെത്താനോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ പോലീസിനും കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടർന്ന് വലിയ ആക്ഷേപമുയർന്ന സാഹചര്യത്തിലായിരുന്നു, 9 പ്രതികളെ കൂടി സസ്പെപെൻഡ് ചെയ്തുകൊണ്ടുള്ള പ്രിൻസിപ്പലിന്റെ നടപടി.

ഒന്നാം പ്രതി ശിവരഞ്ജിത്തിനെ കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസ്, ഉത്തരക്കടലാസിന്റെയും ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജസീലിന്റെയും ഉറവിടമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇതെല്ലാം എന്തിനൊക്കെയാണ് ഉപയോഗിച്ചത് എന്ന ചോദ്യത്തിന് ശിവരഞ്ജിത്ത് കൃത്യമായ വിവരം പോലീസിന് നൽകിയിട്ടില്ല. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം ശിവരഞ്ജിത്തിനെ നാളെ മജിസ്ട്രേറ്റിന്‌ മുമ്പാകെ ഹാജരാക്കും.

അതിനിടെ എസ്.എഫ്.ഐ. നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന്, ക്ലാസുകൾ ഉള്ള സമയത്ത് പോലീസ് കാമ്പസിന് ഉളളിൽ പ്രവേശിക്കില്ല എന്ന് വ്യക്തതമാക്കി. എന്നാൽ, അനിഷ്ട സംഭവങ്ങളുണ്ടായാൽ പോലീസ് കാമ്പസിനുള്ളിലേക്ക് കടക്കുമെന്ന് കന്റോൺമെന്റ് എ.സി. അറിയിച്ചു. ഇന്നലെ പോലീസുകാരും എസ്.എഫ്.ഐ. നേതാക്കളും തമ്മിൽ വാക്കേറ്റം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *