Mon. Dec 23rd, 2024

ഐ.എസ്.ആർ.ഒ. ഈ അടുത്തകാലത്തു വിക്ഷേപിച്ച ഉപഗ്രഹമാണ്, ഇന്ത്യയുടെ അഭിമാന സംരംഭമായ ചന്ദ്രയാന്‍-2. എന്നാൽ, ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടതാണെന്ന വ്യാജേന ചന്ദ്രയാൻ-2 പകർത്തിയ ഭൂമിയുടെ പടമായി, പല ചിത്രങ്ങളും ഇന്ന്, വാട്ട്സാപ്പിൽ പ്രചരിക്കുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

നിലവില്‍, ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ രണ്ടിനെ ഘട്ടം ഘട്ടമായുള്ള ഭ്രമണപഥ ഉയര്‍ത്തലുകളിലൂടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ. ഗവേഷകര്‍. ഇതിനിടയിലാണ്, ചന്ദ്രയാന്‍ രണ്ടിന്റെ പേരില്‍ ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വസ്തുതകള്‍ പരിശോധിച്ചുനോക്കാതെ അവ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപിച്ചു വരികയാണ്.

പക്ഷെ, ഈ ചിത്രങ്ങളൊന്നും തന്നെ ചന്ദ്രയാന്‍-2 പകര്‍ത്തിയതല്ല. കലാകാരന്മാരുടെ ഭാവനയില്‍ സൃഷ്ടിച്ചെടുത്തവയാണ് ഈ ചിത്രങ്ങൾ. ഗൂഗിളില്‍ തിരഞ്ഞാല്‍ എളുപ്പം കണ്ടുപിടിക്കാവുന്നവ. പലതും, പല വെബ്‌സൈറ്റുകളില്‍, പലവിഷയങ്ങള്‍ക്ക് അധിഷ്ഠിതമായി പകര്‍ത്തപ്പെട്ടതും പ്രസിദ്ധീകരിച്ചതുമാണ്. ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ട ചിത്രങ്ങളാണിവ എന്നത് പൂര്‍ണമായും തെറ്റാണ്.

ഇക്കാലത്ത്, വാട്‌സാപ്പ് വഴി വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചുവരുന്നുണ്ട്. ഉറവിടം കണ്ടെത്താനാവാത്ത, ഇത്തരം വാർത്തകളെ, നിയന്ത്രിക്കാനും ഇവയെ തിരിച്ചറിയാനും ഉപയോക്താക്കള്‍ക്കിടയില്‍ വാട്‌സാപ്പ് പലവിധ ബോധവത്കരണ പരിപാടികള്‍ നടത്തുകയും പുതിയ ഫീച്ചറുകള്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്.

പരിശോധിച്ച് സ്ഥിരീകരണം വരുത്തിയല്ലാതെ, ഫോര്‍വേഡ് ചെയ്തു കിട്ടിയ വാര്‍ത്തകള്‍ പങ്കുവെക്കാതിരിക്കുക.വാട്‌സാപ്പില്‍ നിങ്ങള്‍ക്ക് ഫോര്‍വേഡ് ചെയ്ത ഒരു വാര്‍ത്ത വന്നിട്ടുണ്ടെങ്കിൽ, അത് ഒരു വ്യാജവാര്‍ത്തയാവാന്‍ സാധ്യതയേറെയാണ്. ഫോര്‍വേഡ് ചെയ്ത് വരുന്ന സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ അത്തരം സന്ദേശങ്ങളുടെ മുകളിലായി ഫോര്‍വേഡഡ് ലേബല്‍ കാണാവുന്നതാണ്. നിങ്ങളുടെ ഏറ്റവും അടുത്തവർ അയച്ചതാണെങ്കില്‍ പോലും അങ്ങനെയുള്ള വാര്‍ത്തകള്‍ വ്യാജവാര്‍ത്തയാവാനിടയുണ്ട്. അവ വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *