Mon. Dec 23rd, 2024

മിസ്സൈൽ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന മുൻ രാഷ്ട്രപതി അബ്ദുൾ കലാം (എ.പി.ജെ.അബ്ദുൾ കലാം) വിട പറഞ്ഞിട്ട് ഇന്നേയ്ക്കു നാലു വർഷം. സ്വപ്നമെന്നത് രാത്രി ഉറക്കത്തിൽ കാണുന്നതല്ല, മറിച്ച് രാത്രിയിൽ ഉറങ്ങാൻ അനുവദിക്കാത്തതാണ് എന്നാണ് അദ്ദേഹം ലോകത്തോട് പറഞ്ഞത്. ചാച്ചാ കലാം എന്ന് കുട്ടികൾ വിളിച്ചിരുന്ന അദ്ദേഹം, ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും സമയം കണ്ടെത്തിയിരുന്നു.

1931 ഒക്ടോബർ 15 നു രാമേശ്വരത്താണ് കലാം (അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം) ജനിച്ചത്. മിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്ന അദ്ദേഹം 2002 ലാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2015 ജൂലൈ 27 നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. ഷില്ലോംഗിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വച്ച്, ക്ലാസെടുത്തുകൊണ്ടിരിയ്ക്കുമ്പോൾ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞനായ കലാം, രാഷ്ട്രപതിയായിട്ടും, തന്റെ ലാളിത്യം നിറഞ്ഞ ജീവിതം തുടർന്നു. ജനകീയനയങ്ങളാൽ, “ജനങ്ങളുടെ രാഷ്ട്രപതി” എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു. അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയ പല മേഖലകളിലും അദ്ദേഹം ഇടപെട്ടിരുന്നു. ഒരു നല്ല സാങ്കേതികവിദ്യാവിദഗ്ദ്ധൻ ആയിരുന്ന അദ്ദേഹം രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു.

ജനങ്ങൾക്ക് പ്രചോദനം നൽകുന്നതും അറിവു പകരുന്നതുമായ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ, 2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹം പങ്കുവെച്ചു. വിദ്യാർത്ഥികളുമായി സംവദിക്കുകയും, അവർക്ക് പ്രചോദനം നൽകുന്ന പ്രസംഗങ്ങൾ കാഴ്ചവെക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം അവരെ എന്നും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

പദ്‌മഭൂഷൺ, പദ്‌മവിഭൂഷൺ, ഭാരതരത്നം എന്നി ബഹുമതികൾ നൽകി, രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഇന്ത്യ 2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം, ഇന്ത്യ-മൈ-ഡ്രീം, എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ: ടെക്നോളജി ഫോർ സൊസൈറ്റൽ ട്രാൻസ്ഫോർമേഷൻ, ഗൈഡിംഗ് സോൾസ്: ഡയലോഗ്സ് ഓൺ ദ പർപ്പസ് ഓഫ് ലൈഫ്, ചിൽഡ്രൺ ആസ്ക് കലാം, വിംഗ്സ് ഓഫ് ഫയർ: ആൻ ഓട്ടോബയോഗ്രഫി ഓഫ് എ.പി.ജെ.അബ്ദുൾ കലാം, ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ, സയന്റിസ്റ്റ് ടു പ്രസിഡന്റ് എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികൾ. കൃതികൾ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *