കൊച്ചി:
തിരുവനന്തപുരം ലുലു ഇന്റര്‍നാഷണലിന്റെ പാരിസ്ഥിതിക അനുമതി ചോദ്യം ചെയ്ത് ഹൈക്കോടതി. മാളിന് പാരിസ്ഥിതികാനുമതി എങ്ങനെ ഇത്രയധികം ലഭിച്ചുവെന്ന് മാള്‍ ഉടമസ്ഥര്‍ വിശദീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വിശദീകരണം നല്‍കാന്‍ ലുലു അടക്കമുള്ള എതിര്‍ കക്ഷികള്‍ പത്ത് ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. പാരിസ്ഥിതിക പ്രാധാന്യമുള്ള അതീവ ഗൗരവുള്ള വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.
ഒരു ലക്ഷത്തി അമ്പതിനായിരം ചതുരശ്രമീറ്ററിന് അനുമതി നല്‍കാനേ സംസ്ഥാന പരിസ്ഥിതിക ആഘാത സമിതിക്ക് അധികാരമുള്ളു എന്ന് രേഖകള്‍ തന്നെ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് രണ്ടര ലക്ഷം ചതുരശ്ര മീറ്ററിന് അനുമതി ലഭിച്ചതെന്നും കോടതി ചോദിച്ചു. ഇക്കാര്യങ്ങളിലെല്ലാം വിശദീകരണം വേണ്ടതുണ്ട്. രണ്ടര ലക്ഷം ചതുരശ്ര മീറ്ററിന് അനുമതി നല്‍കിയത് എന്തടിസ്ഥാനത്തിലാണന്ന് വിശദീകരിക്കണം.
പാരിസ്ഥിതികാനുമതി ലഭിച്ചതിലെ നിയമപരമായ വിവരങ്ങള്‍ കോടതിക്ക് അറിയേണ്ടതുണ്ടന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.തിരുവന്തപുരത്ത് പാര്‍വതി പുത്തനാറിന്റെ തീരത്ത് നിര്‍മിക്കുന്ന മാള്‍ ചട്ടം ലംഘിച്ചാണ് നിര്‍മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി എം കെ സലിം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.