കൊച്ചി:
നിങ്ങൾ കൊച്ചിയിലെ പ്രൈവറ്റ് ബസിനെ ആശ്രയിക്കുന്ന ഒരു വിദ്യാർത്ഥിയാണോ? സ്ഥിരമായി ബസ് തൊഴിലാളികളിൽ നിന്നും പ്രശ്നം നേരിടുന്നവരാണോ? കൊച്ചി ജില്ലാ ഭരണകൂടത്തിന്റെ കയ്യിലുണ്ട് ഇതിനുള്ള പരിഹാരം.
‘സൗഹൃദ ബസ്’ കൊച്ചിയെ വിദ്യാർത്ഥി സൗഹൃദ ബസുകളുടെ ജില്ലയാക്കുവാനുള്ള പദ്ധതിയാണ്.
ജില്ലാ കളക്ടർ ‘സൗഹൃദ ബസ് പദ്ധതി’ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും തുടർച്ചയായി സീറ്റ് തരുന്നില്ല, പ്രവേശനം അനുവദിക്കുന്നില്ല, കൺസഷൻ തരുന്നില്ല തുടങ്ങി നിരവധിയായ പരാതികൾ കിട്ടിയതിനെ തുടർന്നാണ് പ്രശ്നങ്ങളെ കണ്ടെത്തി പരിഹരിക്കാൻ ലക്ഷ്യമിടുന്നത്.
പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്ക്, പ്രൈവറ്റ് ബസ് തൊഴിലാളികളുടെ മേൽ ഏതെങ്കിലും പരാതികൾ ഉണ്ടെങ്കിൽ 8281998933 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ സന്ദേശമയയ്ക്കാവുന്നതാണ്. ഒരിക്കൽ പരാതി കിട്ടി കഴിഞ്ഞാൽ അത് നേരെ ബസ് ഉടമ ഭാഗമായ അസ്സോസ്സിയേഷനിലേക്ക് വിടും. പരാതികൾ ഒന്നിലധികമോ, തുടർച്ചയായോ ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ, ബസ്സിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കപ്പെടുമെന്ന് ആർ.ടി.ഓ. ജോജി പി. ജോസ്, വോക്ക് ജേർണലിനോട് വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളിൽ പരാതികൾ പരിഹരിക്കപ്പെടും. ബസ് തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാനും ജില്ലാ ഭരണകൂടം ആലോചിച്ചു വരുന്നുണ്ട്. ഇതിനോടകം അമ്പതോളം പരാതികൾ ലഭിച്ചിട്ടുണ്ട്.
‘ഇത് നല്ലൊരു പദ്ധതിയാണ്. എല്ലാത്തരം പ്രശ്നങ്ങളും ഞങ്ങൾ പ്രൈവറ്റ് ബസ് തൊഴിലാളികളിൽ നിന്നും നേരിടുന്നു. കൺസെഷൻ ടിക്കറ്റ് എടുക്കുന്നത് മുതൽ സീറ്റുകൾ ഒഴിഞ്ഞു കിടന്നാൽപ്പോലും ഞങ്ങളെ അവർ ഇരിക്കുവാൻ സമ്മതിക്കാറില്ല, പ്രതികാര നടപടി പോലെയായിരുന്നു അവർ അത് ചെയ്തിരുന്നത്.” വിദ്യാർത്ഥിനിയായ അദിതി പറയുന്നു.