Wed. Nov 6th, 2024
തിരുവനന്തപുരം:

പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി രൂപ വേണമെന്ന് വ്യോമസേന. കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്, അതുകൊണ്ട് തുക ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കത്തയച്ചു.

കേരളത്തില്‍ പ്രളയമുണ്ടായ 2018 ആഗസ്റ്റ് 15 മുതല്‍ നാല് ദിവസത്തേക്ക് വ്യോമസേനാ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനായ് 113 കോടി നല്‍കണമെന്നാവശ്യപ്പെട്ട് വ്യോമ സേന ആസ്ഥാനത്ത് നിന്നാണ് ചീഫ് സെക്രട്ടറിക്ക് അറിയിപ്പ് ലഭിച്ചത്.

ഓഖി ചുഴലിക്കാറ്റും പ്രളയവും നാശനഷ്ടം വിതച്ച കേരളം പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ സംസ്ഥാനത്തിന്റെ സ്ഥിതി മനസ്സിലാക്കി വ്യോമസേന ആവശ്യപ്പെട്ട് തുകയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 31,000 കോടി രൂപ ആവശ്യമാണ. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 2904.85 കോടി രൂപയാണ്. ഈ തുക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണ്. കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനും ജനങ്ങളുടെ ജീവിത സാഹചര്യം ഉയര്‍ത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ റീ ബില്‍ഡ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിലേക്കുള്ള വിഭവസമാഹരണം നടക്കുകയാണ് ഈ സാഹചര്യത്തില്‍ ഇത്രയും വലിയ തുക കണ്ടെത്തി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓഖി ദുരന്ത സമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാറിന് നല്‍കിയത്. പിന്നീട് 35 കോടി ബില്ലും വന്നിരുന്നു. അന്നും ഒഴിവാക്കിത്തരണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *