കര്‍ണ്ണാടക:
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ ഗവര്‍ണ്ണറുമായി കൂടികാഴ്ച നടത്തുകയാണ്. ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അനുമതി തേടുമെന്നാണ് സൂചന. കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച 3 വിമതരെ സ്പീക്കര്‍ കെ.ആര്‍.രമേഷ്‌കുമാര്‍ അയോഗ്യരാക്കിയതിനു പിന്നാലെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കം.
കോണ്‍ഗ്രസിന്റെ 11, ദളിന്റെ 3 വിമതരെ അയോഗ്യരാക്കുകയോ, രാജി സ്വീകരിക്കുകയോ ചെയ്താലേ സമാധാനത്തോടെ ഭരണത്തിലേറാനാകൂഎന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. 3 പേരുടെ അയോഗ്യതയെ തുടര്‍ന്ന് 224 അംഗ സഭയില്‍ അംഗബലം 221 ആയി. ഇതേ തുടര്‍ന്ന് കേവല ഭൂരിപക്ഷം 111 ആകും. 106 പേരുടെ പിന്തുണ മാത്രമാണ് ബിജെപിക്കുള്ളത്. ഇതനുസരിച്ച് സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദമുന്നയിക്കാന്‍ സാങ്കേതികതടസ്സമുണ്ട്. എന്നാല്‍ ഉച്ചയ്ക്ക് 12:30ക്ക് യെഡിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം, 34 മന്ത്രിസ്ഥാനങ്ങളിലേക്ക് 56 ബിജെപി നേതാക്കള്‍ അവകാശവാദം ഉന്നയിച്ചേക്കാമെന്നാണു റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ദള്‍ വിമതരെ കൂടി മന്ത്രിസ്ഥാനം നല്‍കി തൃപ്തിപ്പെടുത്തുകയെന്നത് ബിജെപിക്കു വലിയ കടമ്പയാകും. സ്പീക്കറുടെ തീരുമാനം കാക്കേണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കാനും വിമതര്‍ സമ്മര്‍ദം ചെലുത്തുന്നുമുണ്ട്.