Mon. Dec 23rd, 2024
കൊച്ചി:

ക്രമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരായി വേണ്ടെന്ന് ഹൈക്കോടതി. കുട്ടികള്‍ നിരന്തര ചൂഷണത്തിന് ഇരയാക്കുകയും പീഡിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ തീരുമാനം.

മാനന്തവാടി നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ആദിവാസി കുട്ടികളെ കൊണ്ടുവരാനുള്ള ജീപ്പ് ഓടിക്കാന്‍ ഹെഡ് മാസ്റ്റര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നീര്‍വാരം സ്വദേശിനി ദീപയും ഭര്‍ത്താവ് പ്രവീണും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ക്രിമിനല്‍ കേസ് ഉണ്ടെന്നതിന്റെ പേരിലാണ് വാഹനം ഓടിക്കാന്‍ അനുവദിക്കാത്തതെന്നും ഹര്‍ജിയില്‍ പറയുന്നു.വിദ്യാര്‍ത്ഥികളെ ഊരുകളില്‍ നിന്ന് സ്‌കൂളില്‍ എത്തിക്കുന്നതിനായാണ് ഗോത്ര സാരഥി പദ്ധതി തുടങ്ങിയത്. ഗോത്ര സാരഥി പദ്ധതിയിലെ സ്‌കൂള്‍  ജീപ്പോടിക്കാനാണ് പ്രവീണിനെ ഹെഡ് മാസ്റ്റര്‍ അനുവദിക്കാത്തത്.

പ്രവീണിന് ലൈസന്‍സുണ്ടെങ്കിലും കേസുകളിലെ പ്രതിയാണെന്ന പേരില്‍ ലഭിച്ച ചില അജ്ഞാത പരാതികളുടെ അടിസ്ഥാനത്തില്‍ വാഹനമോടിക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഗോത്ര സാരഥി പദ്ധതിക്ക് കീഴിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഹെഡ്മാസ്റ്റര്‍ക്കും പി.ടി.എക്കും അധികാരമില്ലെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രവീണ്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലമുണ്ടെന്നും ഹെഡ്മാസ്റ്റര്‍ വിശദീകരിച്ചു.

പീഡനക്കേസില്‍ പ്രതിയായി കോടതി വെറുതെ വിട്ടയാളാണ്. മറ്റൊരു കേസില്‍ മാനന്തവാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇയാളെ ശിക്ഷിച്ചിട്ടുണ്ടെന്നും ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കി. പ്രവീണ്‍ വാഹനമോടിക്കുന്നത് സുരക്ഷിതമല്ലെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. തുടര്‍ന്നാണ് ക്രിമിനല്‍ കേസിലെ പ്രതികളെ സ്‌കൂള്‍ വാഹനം ഓടിക്കാന്‍ നിയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *