ബെംഗളൂരു:
കര്‍ണ്ണാടകയിലെ മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദ്യൂരപ്പ കര്‍ണ്ണാടകയുടെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. ബെംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നേരത്തേ, കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാര്‍ വിമത എം.എല്‍.എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് വീണതിനു പിന്നാലെയാണ് കര്‍ണ്ണാടകയില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിൽ വരുന്നത്. പതിന്നാലു മാസത്തിന്റെ ആയുസ്സു മാത്രമേ കര്‍ണ്ണാടകയിൽ കുമാരസ്വാമി സര്‍ക്കാരിനു ഉണ്ടായിരുന്നുള്ളു.
2007 നവംബറിൽ യെദ്യൂരപ്പ ആദ്യമായി കര്‍ണ്ണാടകയുടെ മുഖ്യമന്ത്രി പദത്തിലെത്തിയപ്പോൾ ഏഴുദിവസം മാത്രമാണ് അധികാരത്തിലിരിക്കാനായത്. 2008 മേയ് 30 ൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചു അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. മൂന്നുവര്‍ഷവും രണ്ടുമാസവുമായിരുന്നു അപ്പോഴത്തെ കാലാവധി. 2018 മേയ് 17 നു യെദ്യൂരപ്പ മൂന്നാംവട്ടവും മുഖ്യമന്ത്രിയായി. അപ്പോഴും, ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്, ആറു ദിവസം മാത്രമാണ് അധികാരത്തില്‍ തുടരാനായത്. ഇതിനിടയിലായിരുന്നു കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യം രൂപവത്കരിക്കപ്പെട്ടത്.