Reading Time: 5 minutes
തിരുവനന്തപുരം:

‘ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. “കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും. എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,” എന്നാണു ബി. ഗോപാലകൃഷ്ണന്‍ ഫേസ്‌ബുക്കിൽ കുറിച്ചത്.

ബി ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇൻഡ്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും. എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.

ഇൻഡ്യയിൽ ജയ് ശ്രീരാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇൻഡ്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ.

സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്കാരത്തെ അപലപിക്കരുത്. ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും. ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ് എടുത്തപ്പോളും. സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ…മൗനവൃതത്തിലായിരുന്നൊ?

ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം. കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ… പരമപുഛത്തോടെ…

അടൂർ ഗോപാലകൃഷ്ണന്റെ മറുപടി :

തനിക്ക് ചന്ദ്രനിലേക്കുള്ള ടിക്കറ്റ് തന്നാൽ പോകാൻ തയ്യാറാണെന്നായിരുന്നു അടൂരിന്റെ മറുപടി. ‘നേരത്തേ ഇവർ എല്ലാവരെയും പാകിസ്ഥാനിലേക്കാ അയച്ചുകൊണ്ടിരുന്നത്. അവിടിപ്പം നിറഞ്ഞെന്ന് തോന്നുന്നു. ഇനി ചന്ദ്രഗ്രഹത്തിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാൽ പോകാം. ഇനിയിപ്പോൾ വീട്ടിന് മുന്നിൽ വന്ന് ആരെങ്കിലും നാമം ചൊല്ലിയാൽ സന്തോഷം. ഞാനും അവർക്കൊപ്പം ഇരുന്ന് നാമം ചൊല്ലും,’ അടൂർ പറഞ്ഞു.

“ഞാൻ ദൈവവിശ്വാസിയാണ്. കുട്ടിക്കാലം മുതൽ ശ്രീരാമൻ എന്ന പേര് പുരാണങ്ങളിലും മറ്റും കേട്ടിട്ടുള്ളയാളാണ്. ഉത്തമപുരുഷനാണ് ശ്രീരാമൻ എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ശ്രീരാമനെ അധിക്ഷേപിക്കുകയാണ് ഇവർ ചെയ്യുന്നത്. ജയ് ശ്രീരാം എന്നത് കൊലവിളിയാവുകയാണ്. ഭൂരിപക്ഷം ന്യൂനപക്ഷത്തെ അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് ചേരുന്നതല്ല,” എന്നായിരുന്നു ഇതിനെ കുറിച്ച് അടൂർ പറഞ്ഞത്.
‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നതിനെയല്ല, അതിനെ കൊലവിളിയാക്കി മാറ്റുന്നതിനെയാണ് താനടക്കമുള്ള സാംസ്‌കാരിക, ചലച്ചിത്ര പ്രവര്‍ത്തകര്‍ എതിര്‍ത്തതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

അവാര്‍ഡുകള്‍ക്ക് വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ നിലപാടെടുക്കുന്നതെന്ന് പറയുന്നവര്‍ക്ക്, തനിക്കിനി ഈ രാജ്യത്ത് വേറെ അവാര്‍ഡൊന്നും കിട്ടാന്‍ ബാക്കിയില്ലെന്നും അടൂര്‍ പറഞ്ഞു. രാജ്യത്തെ ഒരു ചലച്ചിത്ര പ്രവര്‍ത്തകനെന്ന നിലയില്‍ പരമോന്നത ബഹുമതി വരെ തനിക്ക് കിട്ടിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് സാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്തെഴുതിയത് രാജ്യത്ത് മതത്തിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിലത് സാമുദായിക ലഹളയിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടാനാണ്. അല്ലാതെ താനടക്കമുള്ള ഈ സാംസ്‌കാരികപ്രവര്‍ത്തകര്‍ ആരും സമരഗ്രൂപ്പൊന്നും അല്ലെന്നും അടൂര്‍ പറഞ്ഞു.

ഇതിന് മുമ്പ് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. താനൊരു പ്രതികരണത്തൊഴിലാളിയൊന്നുമല്ല. എല്ലാറ്റിനും പ്രതികരിക്കാറുമില്ല. രാജ്യത്തെ ഭീകരമായ അവസ്ഥ കണ്ടിട്ടുള്ള പ്രതികരണം മാത്രമാണിതെന്നും അടൂര്‍ പറഞ്ഞു.

പ്രധാനമന്ത്രിക്ക് സാംസ്‌കാരിക പ്രവർത്തകരുടെ കത്ത്:

ശ്രീരാമന്റെ പേര് രാജ്യത്ത് കൊലകൾ നടത്താനുള്ള പോർവിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ട് അടൂർ ഗോപാലകൃഷ്ണനും, സിനിമാനടി രേവതിയുമുൾപ്പെടെ 49 സിനിമാ പ്രവർത്തകർ പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയതാണ് ബി.ജെ.പി. നേതാക്കളെ പ്രകോപിപ്പിച്ചത്. രേവതിയ്ക്കും അടൂരിനും പുറമെ, ശ്യാം ബെനഗൽ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായിക അപർണ സെൻ, നടി കൊങ്കണ സെൻ ശർമ്മ, സൗമിത്രോ ചാറ്റർജി എന്നിവരും കത്തിൽ ഒപ്പു വെച്ചിരുന്നു.

രാജ്യത്ത് നിരന്തരം സംഭവിക്കുന്ന ആൾക്കൂട്ടക്കൊലകളിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു, മോദിക്കായുള്ള സിനിമാപ്രവർത്തകരുടെ കത്ത്. ‘നിർഭാഗ്യവശാൽ ഇന്ന്, ജയ് ശ്രീറാം എന്നത് ഒരു മനുഷ്യരെ തല്ലികൊല്ലാനുള്ള ഒരു പോർവിളിയായി മാറിയിരിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാൻ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബർ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്. ദളിതർക്കെതിരെ 840 ആക്രമസംഭവങ്ങളാണ് 2016ൽ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങൾ ഇതിനെതിരെ എന്ത് നടപടിയെടുത്തു?’ സിനിമാപ്രവർത്തകർ കത്തിലൂടെ മോദിയോട് ചോദിക്കുന്നു.ഈ കുറ്റവാളികൾക്ക് ഒരിക്കലും ജാമ്യം നൽകാൻ പാടില്ലെന്നും, പരമാവധി ശിക്ഷ ഇവർക്ക് നൽകണമെന്നും സിനിമാ പ്രവർത്തകർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നവരെ, ‘അർബൻ നക്സൽ’ എന്നും ദേശവിരുദ്ധർ എന്നും നാമകരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇവർ കത്തിലൂടെ ആവശ്യപ്പെട്ടു.

അടൂർ ഗോപാലനെ അനുകൂലിച്ച് സിനിമ, രാഷ്ട്രീയ പ്രവർത്തകർ:

അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മലയാള സിനിമാ ലോകം രംഗത്ത് വന്നു. ”പാകിസ്താനില്‍ ആളുകള്‍ നിറഞ്ഞെന്നാണ് തോന്നുന്നത്. കാരണം ഞങ്ങളൊക്കെ പാകിസ്താനിലാണല്ലോ. അടൂര്‍ സര്‍ ഫാല്‍ക്കെ അവാര്‍ഡും പത്മഭൂഷണും ഒക്കെ നേടിയിട്ടുള്ള ആളായത് കൊണ്ടാകും അല്‍പം കൂടെ ഉയരത്തില്‍ ചന്ദ്രനിലേക്ക് പോകട്ടെയെന്ന് വിചാരിച്ചിട്ടുണ്ടാവുക,” എന്നായിരുന്നു സംവിധായകന്‍ കമല്‍ പ്രതികരിച്ചത്. ലോകം ആദരിക്കുന്ന അടൂരിനെ പോലെയുള്ള വ്യക്തികള്‍ക്കെതിരായ നീക്കം എന്ത് വില കൊടുത്തും എതിര്‍ക്കുമെന്ന് കമൽ പറഞ്ഞു.

ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മുടെ നിലനില്‍പും ജീവിതവും ദുസ്സഹമാക്കി കൊണ്ടിരിക്കുന്ന ഒരു പരിതസ്ഥിതിയിലാണ് നമ്മള്‍ കഴിയുന്നതെന്ന് സംവിധായകന്‍ ടി.വി. ചന്ദ്രന്‍ പ്രതികരിച്ചു. അതിന് പിന്തുണയായി വലിയ രീതിയിലുള്ള രണ്ടാം വരവ് മോദി സര്‍ക്കാരിന് ലഭിച്ചിരിക്കുകയാണ്. അതിന്റെയൊക്കെ ധാര്‍ഷ്ട്യമാണിതെന്നും, ഇത് കൂടുതല്‍ കൂടുതല്‍ വഷളായിരിക്കുകയാണെന്നും ടി.വി. ചന്ദ്രന്‍ പറഞ്ഞു.

ഫാഷിസത്തിന്റെ പ്രധാന സൂചനകളിലൊന്ന് ആന്റി ഇൻറ്റലക്ച്വലിസമാണ്. അതിന് കേരളത്തിൽ നിന്നുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത ചലച്ചിത്രകാരൻ ശ്രീ അടൂർ ഗോപാലകൃഷ്ണനെതിരെ ഉയരുന്ന ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്റെ ഭീഷണിയെന്ന് വി.ടി. ബൽറാം പ്രതികരിച്ചു.

അടൂർ ഗോപാലകൃഷ്ണനെ അനുകൂലിച്ച് വൈദ്യുതി മന്ത്രി എം.എം. മാണിയും രംഗത്ത് വന്നു. “അര അടൂരിന് ആയിരം സംഘി ഗോപാലന്മാര്‍ പോര,” എന്ന് പറഞ്ഞായിരുന്നു ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ മണി പ്രതികരിച്ചത്.

എം.എം. മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ലോക പ്രശസ്ത സംവിധായകൻ‍ അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാനാണ് സംഘി ഗോപാലകൃഷ്ണരുടെ ഉപദേശം. പാകിസ്ഥാനിലേക്കായിരുന്നു ഇതുവരെ കയറ്റുമതി. വന്നു വന്ന്‌ ‍ ഗ്രഹാന്തരയാത്ര ഏർ‍പ്പാടാക്കുന്ന സ്ഥിതിയായി മാറിയിരിക്കുന്നു. ശ്രിഹരിക്കോട്ടയിൽ ‍ചെന്ന് ചന്ദ്രനിലേക്ക് രജിസ്റ്റർ ചെയ്യാനും തുടർന്ന് ആജ്ഞ. ചന്ദ്രനും ചന്ദ്രക്കലയുമൊക്കെ പാകിസ്ഥാനോട് ബന്ധപ്പെട്ടതാണെന്ന് ധരിച്ചാണോ ഗോപാലകൃഷ്ണന്റെ വിടുവായിത്തം. ഒരു കാര്യം, അര അടൂരിന് ആയിരം സംഘി ഗോപാലന്മാർ‍ പോര എന്ന് മാലോകർക്കറിയാം.

മറുപടി കത്തുമായി ബി.ജെ.പി:

രാജ്യത്തെ 49 സാംസ്കാരിക പ്രമുഖർ അയച്ച കത്തിന് സംഘപരിവാർ ചായ്‌വുള്ള 62 സെലിബ്രിറ്റികളെ കൊണ്ട് മറുപടി കത്ത് എഴുതിച്ചാണ് ബി.ജെ.പി. വെല്ലുവിളിക്കുന്നത്. ബി.ജെ.പി. യുടെ വക്താവ് പോലെ സംസാരിച്ചു കൊണ്ടിരിക്കുന്ന കങ്കണ റണാവത്തിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി.യുടെ മറുപടി കത്ത്. കങ്കണയെ കൂടാതെ മധൂർ ഭണ്ഡാർക്കർ, വിവേക് അഗ്നിഹോത്രി, സോനാൽ മാൻസിങ് തുടങ്ങിയവര്‍ മറുപടി കത്തിൽ ഒപ്പു വെച്ചവരിലുൾപ്പെടുന്നു. നർത്തകിയായ സോനാല്‍ മാൻസിങ് ബി.ജെ.പി. യുടെ രാജ്യസഭാ എം.പി. കൂടിയാണ്.

പ്രധാനമന്ത്രിക്ക് ആദ്യം കത്തെഴുതിയവരെ ‘രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത രക്ഷകർ’ എന്നാണ് സെലിബ്രിറ്റികളുടെ കത്ത് വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ് കത്തെഴുതിയിട്ടുള്ളത്. മാവോയിസ്റ്റുകൾ ആദിവാസികളെ കൊല്ലുമ്പോൾ മിണ്ടാതിരുന്നവർ സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടിയാണ് ഇപ്പോള്‍ ശബ്ദിക്കുന്നതെന്നാണ് ഇവരുടെ കത്തിലെ ആരോപണം. കശ്മീരിലെ ഭീകരവാദത്തെക്കുറിച്ചും നക്സലിസത്തെക്കുറിച്ചും മിണ്ടാതിരുന്നവരാണ് കത്തെഴുതിയിരിക്കുന്നതെന്നും മറുപടിക്കത്ത് ആരോപിക്കുന്നു.

എതിർ ശബ്ദങ്ങളെ ഭയപ്പെടുത്തുന്ന സംഘപരിവാർ ഫാസിസം :

പ്രധാനമത്രിക്കെതിരെ കത്തെഴുതിയതിൽ അടൂരിനെതിരെ മാത്രമല്ല ബംഗാളി നടന്‍ കൗഷിക് സെന്നിനെതിരെയും സംഘ പരിവാർ ഭീഷണി ഉണ്ടായി. ഫോണിലൂടെയാണ് കൗഷിക് സെന്നിനെതിരെ വധ ഭീഷണി മുഴക്കിയത്. ‘ഇന്നലെയാണ് എനിക്ക് അജ്ഞാത നമ്പരില്‍ നിന്നും ഫോണ്‍ സന്ദേശം ലഭിച്ചത്. അസഹിഷ്ണുതയ്ക്കും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി’ കൗഷിക് പറഞ്ഞു. വധഭീഷണിസന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ പൊലീസിനു കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ‘സത്യസന്ധമായി പറയട്ടെ, ഇത്തരത്തിലുള്ള ഭീഷണികളില്‍ ഞാന്‍ ഭയപ്പെടില്ല. എന്നോടൊപ്പം ഒപ്പുവച്ചവരോട് ഞാന്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ആ നമ്പര്‍ കൈമാറുകയും ചെയ്തു’ കൗഷിക് പറഞ്ഞു.

ബി.ജെ.പി. നേതാക്കൾ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുന്നുവെന്ന് ആരോപിച്ചു ആന്റോ ആന്റണി എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. തനിക്ക് ഇന്നലെ മുഴുവൻ ദില്ലിയിൽ നിന്ന് പല ടെലിവിഷൻ ചാനലുകളിൽ നിന്നും കോളുകൾ വന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മാത്രമല്ല ഉത്തരേന്ത്യയിൽ നിന്നും വിളിച്ചവരൊക്കെ ക്ഷോഭിച്ചാണ് സംസാരിക്കുന്നതെന്നും അതൊക്കെ കേട്ടപ്പോൾ എനിക്ക് ഇവർക്ക് ഭ്രാന്താണെന്നാണ് തോന്നിപ്പോയെന്നും അടൂർ പറഞ്ഞു.

മതങ്ങളെ കൂട്ട് പിടിച്ച് വർഗ്ഗീയ വികാരം ആളിക്കത്തിച്ചു എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന വർഗ്ഗീയ ഫാസിസമാണ് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്നതെന്നു അടിവരയിടുന്ന സംഭവങ്ങളിൽ ഒന്ന് കൂടിയാണ് ഈ വിഷയം. “ജയ് ശ്രീറാം” വിളിച്ചു ആളുകളെ മർദ്ദിക്കരുതെന്നു പറയുന്നത് വളച്ചൊടിച്ച് “ജയ് ശ്രീറാം” വിളിക്കുന്നതിനെയാണ് ഇവർ എതിർക്കുന്നതെന്നു ആളുകളെ വിശ്വസിപ്പിക്കുന്ന തന്ത്രമാണ് സംഘപരിവാർ പയറ്റുന്നത്. മതമൗലികവാദം നിലനിൽക്കുന്ന മറ്റു രാഷ്ട്രങ്ങളിൽ ചെയ്യുന്ന അതേ തന്ത്രമാണ് മത ചിഹ്നങ്ങൾ ഉയർത്തിയുള്ള ഈ ഭയപ്പെടുത്തൽ. ഇത്തരം ഓരോ വിഷയങ്ങൾ ഉണ്ടാകുമ്പോളും ഇതിനുള്ളിലെ സൂക്ഷ്‌മ രാഷ്ട്രീയം കാണാതെ പ്രതികരിക്കുന്നവരാണ് ഭൂരിഭാഗം സാധാരണക്കാരും. പുണ്യമാസമായി കണക്കാക്കപ്പെടുന്ന രാമായണ മാസത്തിൽ തന്നെ ഇങ്ങനൊരു വിവാദം ഉയർത്തികൊണ്ട് വരുന്നത് യാദൃശ്ചികമല്ല. ജനപ്രതിനിധികളെ പോലും സ്വാധീനിച്ച് ഭരണം വിലക്ക് വാങ്ങുന്ന കൂട്ടർക്ക് സർക്കാർ അംഗീകാരങ്ങൾ കാംക്ഷിക്കുന്ന സാംസ്‌കാരിക പ്രവർത്തകരുടെ പിന്തുണ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്ടാകില്ല. പക്ഷെ വിയോജിപ്പുകളെ അസഹിഷ്ണുതയോടെയും, വർഗ്ഗീയമായും നേരിടുന്ന സംഘപരിവാർ നീക്കങ്ങൾക്കെതിരെ പൊതുജനങ്ങളിൽ നിന്നും സാംസ്‌കാരിക പ്രവർത്തകരിൽ നിന്നും ഇനിയും ശബ്ദങ്ങൾ ഉയർന്നുകൊണ്ടിരിക്കണം.

Advertisement

Leave a Reply

avatar
  Subscribe  
Notify of