Fri. Nov 22nd, 2024
കോതമംഗലം:

 

ഹിന്ദു സംഘടനകളുടെ വൻ പ്രതിഷേധത്തെ തുടർന്ന് മാർ അത്തനേഷ്യസ് കോളേജ് അവരുടെ വാർഷിക പതിപ്പായ“ആന കേറാ മല, ആട് കേറാ മല, ആയിരം കാന്താരി പൂത്തിറങ്ങി” എന്ന മാഗസിൻ പിൻവലിച്ചു. നാല് മാസം മുൻപ് പ്രസിദ്ധികരിച്ച മാഗസിനിൽ ശബരിമല പ്രശ്നത്തെ കുറിക്കുന്ന ഒരു ലേഖനം ഉൾപ്പെടുത്തിയതാണ് വിവാദമായത്.

‘വോക്ക് ജേർണലു’മായുള്ള കൂടിക്കാഴ്ചയിൽ, അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പാൾ പറഞ്ഞത്, ഒരു കോളേജ് മാഗസിൻ എന്നതിലുപരിയായി അതിൽ പ്രകോപനപരമായ അംശങ്ങൾ ചേർന്നിട്ടുണ്ട് എന്നായിരുന്നു. “പരാതി ലഭിച്ചയുടനെത്തന്നെ പ്രശ്നം പഠിക്കാൻ ഒരു സമിതി രൂപികരിച്ചു. മാഗസിൻ ഒരു കോളേജിന്റെ നിലവാരത്തിലുള്ളതല്ലെന്നും, പ്രകോപനപരമായ പല ഭാഗങ്ങളും അതിലുള്ളതായും സമിതി കണ്ടെത്തി. അതെ തുടർന്ന് കോളേജ്, മാഗസിൻ പിൻവലിക്കുകയായിരുന്നു.” പ്രിൻസിപ്പാൾ കൂട്ടിച്ചേർത്തു. മാഗസിൻ കോളേജിന്റെ കാഴ്ചപ്പാടുകൾക്കും പ്രത്യയശാസ്ത്രത്തിനും ഇണങ്ങുന്നതല്ല എന്ന് അറിയിച്ചുകൊണ്ട് അത് പിൻവലിച്ചതായി കോളേജ് ഒരു സർക്കുലർ ഇറക്കിയിരുന്നു.

സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂ.സി.സി. അംഗം നടി അർച്ചന പദ്മിനിയായിരുന്നു നാലുമാസം മുൻപ് മാഗസിൻ പ്രകാശനം ചെയ്തത്. മാഗസിൻ പിൻവലിച്ചതിനെ തുടർന്ന്, അർച്ചന എഴുതിയതിങ്ങനെയായിരുന്നു, “വർഗീയ വാദികളെ ശല്യപ്പെടുത്തുന്ന ഊർജ്ജസ്വലരും യുവാക്കളുമായ ഈ പത്രാധിപസമിതിക്ക് ഞാൻ ആശംസകളർപ്പിക്കുന്നു, നിലവിലെ സാഹചര്യത്തെ അപലപിക്കുന്നു.”

അതിനോടനുബന്ധിച്ച എഡിറ്റോറിയൽ ടീം, മാഗസിനിന്റെ പി.ഡി.എഫ്. പതിപ്പ് ആവശ്യമുള്ളവർക്ക് വായിക്കാനുള്ള തരത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

“ഈ മാഗസിൻ കോളേജിന് പിൻവലിക്കാൻ കഴിഞ്ഞേക്കാം, പക്ഷെ ഞങ്ങൾക്ക് പിന്തിരിയാനാവില്ല.
മാഗസിന്റെ ഉള്ളടക്കം, ലിംഗ തുല്യതയും ഭരണഘടനയുമാണ്. പ്രകോപനമുണ്ടാക്കുന്ന ഒരു ഭാഗവും ഇതിലില്ല.
ഇതിന്റെ പി.ഡി.എഫ്. ഞങ്ങൾ ഓൺലൈനിൽ പങ്കുവച്ചിട്ടുണ്ട്, ഇനി ജനങ്ങൾ കണ്ടെത്തട്ടെ അതിലെന്താണ് ഉള്ളതെന്ന്.” ‘വോക്ക് ജേർണലി’ നോട് പത്രാധിപസമിതിയിലെ ഒരു വിദ്യാർത്ഥി പറഞ്ഞു.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഹിന്ദുക്കളുടെ ആചാരങ്ങളെ വ്രണപ്പെടുത്താനുള്ള ക്രിസ്ത്യൻ മാനേജ്മെന്റിന്റെ ബോധപൂർവമുള്ള ശ്രമമാണിതെന്ന് കുറ്റപ്പെടുത്തി.

ഒരു എഡിറ്റോറിയൽ അംഗം എഴുതിയ ‘ശബരിമല വിധി തുറന്നിടുന്നത്,’ എന്ന ലേഖനമായിരുന്നു വിവാദമായത്. ശബരിമലയെ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി ഭരണഘടന മൂല്യങ്ങളെ ചർച്ചയാക്കിയത് എങ്ങനെയായിരുന്നു എന്നതായിരുന്നു ലേഖനത്തിലെ പ്രതിപാദ്യ വിഷയം.

Leave a Reply

Your email address will not be published. Required fields are marked *