Mon. Dec 23rd, 2024
തിരുവനന്തപുരം:

2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച വാര്‍ത്ത മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്കിലൂടെയാണ് പുറത്തു വിട്ടിരിക്കുന്നത്.

ദിവസേന ഒരു ജി ബി വരെ ഡാറ്റയാണ് പൊതുജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്‌ടോപ്പിലും ഉപയോഗിക്കാനാവുക. 10 എംബിപിഎസ് വേഗതയില്‍ വൈഫൈ ലഭ്യമാകും. വൈഫൈ ഓണ്‍ ചെയ്തു മൊബൈല്‍ നമ്പര്‍ കൊടുത്തു ലോഗിന്‍ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാവും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയില്‍ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. മറ്റുള്ളവ അന്തിമഘട്ടത്തിലാണ്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളില്‍ ആണ് വൈഫൈ ലഭ്യമാക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, പഞ്ചായത്തുകള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഇത് ലഭ്യമാവുക. സംസ്ഥാന ഐടി മിഷന്‍ നടപ്പാക്കുന്ന ഈ പദ്ധതി തീരദേശ മേഖലയില്‍ അടക്കം നടപ്പാക്കിയിട്ടുണ്ട്. കെ-ഫൈ നിലവില്‍ ലഭ്യമായ ഇടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ www.itmission.kerala.gov.in വെബ് സൈറ്റില്‍ ലഭ്യമാണ്.

പൊതു ജനങ്ങള്‍ക്ക് അവരുടെ മൊബൈലിലും ലാപ്ടോപ്പിലും തികച്ചും സൗജന്യമായി ദിവസേന ഒരു ജിബി വരെ വൈഫൈ ഉപയോഗിക്കാനാകും. 10 എംബിപിഎസ് വേഗതയില്‍ വൈഫൈ ലഭ്യമാകും. വൈഫൈ ഓണ്‍ ചെയ്തു മൊബൈല്‍ നമ്ബര്‍ കൊടുത്തു ലോഗിന്‍ ചെയ്ത് ആവശ്യാനുസരണം അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. കെഫൈയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഐ ടി മിഷന്റെ ഫേസ്ബുക്ക് പേജില്‍ https://www.facebook.com/keralastateitmission/ ലഭ്യമാണ്. വിവിധ സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും അനുബന്ധകാര്യങ്ങളും തികച്ചും സുതാര്യവും അനായാസവുമായി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സൗജന്യ വൈഫൈ പദ്ധതിയിലൂടെ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *