കാൺപൂർ:
ഉത്തർപ്രദേശിലെ കാൺപൂരിൽ, ലൈംഗിക പീഡന പരാതി നൽകാൻ ശ്രമിച്ച പതിനാറുകാരിയെ ഹെഡ് കോൺസ്റ്റബിൾ അവഹേളിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റിലൂടെ പുറത്തുവിട്ടതായി എൻ.ഡി.ടി.വിയുടെ ഒരു വാർത്തയിൽ പറയുന്നു.
കുടുംബത്തോടൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ചെന്ന പെൺകുട്ടിയുടെ സഹോദരനാണ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. എഫ്.ഐ.ആർ. ഫയൽ ചെയ്യാൻ ആദ്യം വിസമ്മതിച്ച ഹെഡ് കോൺസ്റ്റബിൾ താർ ബാബു പെൺകുട്ടിയോട് അങ്ങേയറ്റം ആക്ഷേപകരമായ ഭാഷയിലാണ് സംസാരിച്ചത്.
നീ എന്തിനാണ് മോതിരം ധരിക്കുന്നത്? നീ എന്തിനാണ് മോതിരവും ഈ മാലയും ധരിക്കുന്നത്? ഇത്രേം വസ്തുക്കൾ എന്തിനാണ് ഇട്ടിരിക്കുന്നത്? നീ പഠിക്കുന്നില്ല. ഇത്രയധികം ആഭരണങ്ങൾ എന്തിനാണ് നീ ധരിക്കുന്നത്? ഇവയുടെ പ്രയോജനം എന്താണ്? ഇത് നീ യഥാർത്ഥത്തിൽ എന്താണെന്ന് കാണിക്കുന്നു …,” താൻ നേരിട്ട കാര്യങ്ങൾ തുറന്നു പറഞ്ഞ പെൺകുട്ടിയോട് കോൺസ്റ്റബിൾ ചോദിക്കുന്നത് അതാണ്.
കുട്ടിയുടെ മാതാപിതാക്കൾ ഇടപെടാൻ ശ്രമിക്കുമ്പോൾ, അവരോടും മോശമായിട്ടാണ് കോൺസ്റ്റബിൾ സംസാരിക്കുന്നത്. “ഈ കുട്ടി എന്താണ് ചെയ്യുന്നതെന്നു നിങ്ങൾക്കറിയില്ലേ? നിങ്ങൾ ജോലിക്കു പോകുന്നുവെന്നു പറയുന്നു. നിങ്ങൾ വീട്ടിലേക്ക് തിരിച്ചുവരാറില്ലേ,” എന്നാണ് കോൺസ്റ്റബിൾ ചോദിക്കുന്നത്.
“അപമാനിക്കപ്പെട്ടതിന്റെ പരാതി നൽകാൻ ചെന്ന പെൺകുട്ടിയുടെ നേരെ പോലീസ് സ്റ്റേഷനിൽ ഈ തരത്തിലാണ് പെരുമാറുന്നത്.
ഒരുവശത്ത്, ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമം കുറയുന്നില്ല. മറുവശത്ത് നിയമപാലകരുടെ ഇത്തരം പെരുമാറ്റവും.
സ്ത്രീകൾക്ക് നീതി നൽകാനുള്ള ആദ്യപടി അവരുടെ വാക്കുകൾ കേൾക്കുക എന്നതാണ്,” പ്രിയങ്ക ഗാന്ധി, താൻ പുറത്തുവിട്ട വീഡിയോയുടെ കൂടെ ട്വിറ്ററിൽ കുറിച്ചു.