അബുദാബി:
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് ദുബായ്ക്ക് സമാനമായി ഇനി മുതൽ അബുദാബിയിലും ടോൾ കൊടുക്കേണ്ടി വരും. അബുദാബിയിലെ പ്രധാന റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് അവിടുത്തെ ട്രാന്‍സ്‍പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. വരുന്ന ഒക്ടോബര്‍ 15 മുതലായിരിക്കും ടോൾ പിരിവുണ്ടാവുക.
കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ അബുദാബിയില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്നതായിരുന്നു വ്യാഴാഴ്ചത്തെ ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റിന്റെ ഔദ്യോഗിക അറിയിപ്പ്. കാര്‍ പൂളിങ് പോലുള്ള സംവിധാനങ്ങള്‍ വ്യാപകമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്ന് ഗതാഗത വകുപ്പ് വിശദീകരിച്ചു.
അല്‍ മഖ്ത പാലം, മുസഫ പാലം, ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം എന്നിവിടങ്ങളിൽ ഒക്ടോബര്‍ മുതല്‍ ടോള്‍ ഗേറ്റുകള്‍ തുറക്കും.
നാല് ദിര്‍ഹമായിരിക്കും രവിലെ ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെയും വൈകുന്നേരം അഞ്ച് മണി മുതല്‍ ഏഴ് മണി വരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ ടോള്‍. മറ്റ് സമയങ്ങളിലും, വെള്ളിയാഴ്ചയും പൊതുഅവധി ദിനങ്ങളിലും മുഴുവന്‍ സമയവും രണ്ട് ദിര്‍ഹം നല്‍കിയാല്‍ മതിയാവും. ദിവസവും മുഴുവന്‍ സമയവും പ്രവര്‍ത്തിയിലുള്ള ടോള്‍ ഗേറ്റുകള്‍ ഒരു വാഹനത്തില്‍ നിന്ന് പ്രതിദിനം 16 ദിര്‍ഹം വരെ ഈടാക്കും.
ആംബുലന്‍സുകള്‍, സായുധ സേനകളുടെ വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ്, പബ്ലിക് ബസുകള്‍, അബുദാബി ലൈസന്‍സുള്ള ടാക്സി വാഹനങ്ങള്‍, സ്കൂള്‍ ബസുകള്‍, പൊലീസ്-ആഭ്യന്തര മന്ത്രാലയം എന്നിവയുടെ വാഹനങ്ങള്‍, ട്രെയിലറുകള്‍, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയ്ക്ക് ഈ റോഡുകൾ വഴി ടോൾ ഇല്ലാതെ കടന്നു പോകാം, ഇലക്ട്രിക് വാഹനങ്ങൾക്കും രണ്ട് വര്‍ഷത്തേക്ക് ടോള്‍ ഇളവ് ലഭിക്കും.