Wed. Jan 22nd, 2025

മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ വീണ്ടും ഇന്ത്യ എ ടീമില്‍ ഇടം നേടി. വിന്‍ഡീസ് എ ടീമിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് സന്ദീപിനെ ഉള്‍പ്പെടുത്തിയത്. ഇന്നലെയാണ് ഇത് സംബന്ധിച്ച ബിസിസിഐ പ്രഖ്യാപനമെത്തിയത്. അടുത്ത ദിവസം തന്നെ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ വാര്യര്‍ വെസ്റ്റിന്‍ഡീസിലേക്ക് തിരിക്കും.

മൂന്ന് മത്സരങ്ങളാണ് വിന്‍ഡീസ് എ ടീമും ഇന്ത്യ എ ടീമും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലുള്ളത്. ഇതില്‍ ആദ്യ മത്സരം ഇന്നലെ ആരംഭിച്ചു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജൂലൈ 31 നും, മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് 6 നും ആരംഭിക്കും. ടീമിലെത്തിയെങ്കിലും വലം കൈയ്യന്‍പേസറായ സന്ദീപ് വാര്യര്‍ക്ക് ഈ മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കാന്‍ കഴിയുമോയെന്ന കാര്യംസംശയമാണ്. മൊഹമ്മദ് സിറാജ്, ആവേശ് ഖാന്‍, ഷര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ പേസ് ബൗളര്‍മാര്‍ ടീമിനൊപ്പമുള്ളതിനാലാണിത്.

കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി മിന്നും പ്രകടനം കാഴ്ച വെക്കുന്ന താരമാണ് സന്ദീപ് . ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായ് ജേഴ്‌സിയണിഞ്ഞ താരം, കഴിഞ്ഞ മാസം ശ്രീലങ്ക എ ടീമിനെതിരെ നടന്ന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *