ചെന്നൈ:
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോളില്‍ പുറത്തിറങ്ങി. ഒരുമാസത്തെ പരോളാണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി അനുവദിച്ചത്. മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും പങ്കെടുക്കാനുമായാണ് പരോള്‍ ലഭിച്ചത്.
പരോള്‍ കാലാവധിയില്‍ വെല്ലൂര്‍ വിട്ട് പുറത്തേക്ക് പോകാനോ മാദ്ധ്യമപ്രവര്‍ത്തകരുമായോ രാഷ്ട്രീയ നേതാക്കളുമായോ സംസാരിക്കാനോ പാടില്ലെന്ന കര്‍ശന നിബന്ധനയുമുണ്ട്. നളിനിയുടെ സുരക്ഷക്കുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 28 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ നളിനിക്ക് പരോള്‍ ലഭിക്കുന്നതു രണ്ടാം തവണയാണ്. 2016ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 24 മണിക്കൂര്‍ പരോള്‍ ലഭിച്ചിരുന്നു.
നളിനിക്കു പുറമെ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, എ.ജി പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരാണ് രാജീവ് വധക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്നത്. 1991 മേയ് 21ന് ചെന്നൈക്ക് സമീപത്തെ ശ്രീപെരുംപുത്തൂരില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടെ രാജീവ് ഗാന്ധി ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.