മംഗളൂരു:
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയതിന് കാരണം പൈലറ്റിന്റെ പിഴവാണെന്ന് കണ്ടെത്തി. ടേബിള്‍ ടോപ് റണ്‍വേയുള്ള മംഗളൂരുവില്‍ വിമാനം ഇറങ്ങുമ്പോള്‍ ഉണ്ടാകേണ്ട വേഗതയേക്കാള്‍ കൂടുതല്‍ വേഗം ഉണ്ടായതാണ് അപകടത്തിനിടയാക്കിയതെന്നു ഡി.ജി.സി.എ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഇതേതുടര്‍ന്ന് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന്റെ ക്യാപ്റ്റന്‍ പ്രവീണ്‍ ടുമറാന്റെ ലൈസന്‍സ് ഡി.ജി.സി.എ. ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. അപകടം നടന്നതിന് ശേഷം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അധികൃതര്‍ ഇയാളെ കമ്പനിയുടെ മറ്റൊരു വിങ്ങിലേക്കു മാറ്റിയിരുന്നു.
കഴിഞ്ഞ മാസം 30 ന് വൈകിട്ട് അഞ്ചരയോടെ ദുബായില്‍ നിന്നും മംഗളൂരുവിലേക്ക് നിറയെ യാത്രക്കാരുമായി വന്ന ഐ.എക്‌സ് 384 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ വിമാനം ടച്ച് ചെയ്യേണ്ട പോയിന്റില്‍ നിന്നും 900 മീറ്റര്‍ (2,952 അടി) മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രണ്ടു തവണ ലാന്‍ഡിങ്ങിന് ശ്രമിച്ചിട്ടും നടക്കാതെ വന്നതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ മൂന്നാം തവണ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ റണ്‍വേയില്‍ വന്‍ കുലുക്കത്തോടെ വീണ വിമാനം അതിവേഗം ഓടുകയായിരുന്നു.
പാര്‍ക്കിങ് ബേയിലേക്കു തിരയുന്നതിനിടെ നിയന്ത്രണം വിട്ടു റണ്‍വേയില്‍ നിന്നും തെന്നിമാറുകയും തുടര്‍ന്ന് മണലും ചെളിയും നിറഞ്ഞ ഭാഗത്തേക്ക് തെന്നിനീങ്ങിയാണ് അപകടം സംഭവിച്ചത്. ക്യാപ്റ്റന്‍ തുടരെ തുടരെ സഡന്‍ ബ്രേക്ക് ഉപയോഗിച്ചതോടെയാണ് റണ്‍വേയില്‍ നിന്നും തെന്നി ചെളിയും മണലുമുള്ള ഭാഗത്തേക്ക് നീങ്ങിയതെന്നാണ് സൂചന. പൈലറ്റിന്റെ മനസാന്നിധ്യവും ഭാഗ്യവും കൊണ്ട് മാത്രമാണ് 183 യാത്രക്കാരും ആറ് വിമാന ജോലിക്കാരും അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. 2010 ല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടതിന്റെ ഇരുപത് മീറ്ററോളം അരികിലായാണ് വിമാനം ചെളിയില്‍ പുണ്ടു നിന്നത്.