Wed. Nov 6th, 2024
തിരുവനന്തപുരം:

അമ്പൂരിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തിന്റെ നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയുമായി പ്രണയത്തിലായിരുന്ന അഖില്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത്. മറ്റൊരു വിവാഹത്തിന് തയ്യാറായ അഖിലിന്റെ തീരുമാനത്തെ എതിര്‍ത്ത രാഖിയെ അഖിലും സഹോദരന്‍ രാഹുലും അഖിലിന്റെ സുഹൃത്ത് ആദര്‍ശും ചേര്‍ന്ന്  കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊലപാതകവുമായി ബന്ധപ്പെട്ട് അഖിലിന്റെ സുഹൃത്ത് ആദര്‍ശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദര്‍ശ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമ്പൂരിയില്‍ അഖിലിന്റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നാണ് പൊലീസ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, സംഭവത്തിന് ശേഷം ഒളിവില്‍പോയ അഖിലും സഹോദരന്‍ രാഹുലും വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അഖിലിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്നോടിയായി സൈന്യത്തിലെ അഖിലിന്റെ മേലുദ്യോഗസ്ഥര്‍ക്ക് അന്വേഷണ സംഘം വിവരങ്ങള്‍ കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *