ന്യൂഡൽഹി:
കർണ്ണാടകയിലെ 14 മാസം പ്രായമായ കോൺഗ്രസ്-ജെ.ഡി.എസ്. മതേതര സർക്കാർ തകർന്നതിനെ തുടർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ചൊവ്വാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ചു. “എല്ലാം വാങ്ങാൻ കഴിയില്ല” എന്ന് ബി.ജെ.പിക്കാർ ഒരു ദിവസം കണ്ടെത്തുമെന്ന് ട്വീറ്റു ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം കർണ്ണാടക നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ എച്ച്. ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് – ജെ.ഡി.എസ്. സഖ്യത്തിന് പരാജയം നേരിടേണ്ടിവന്നു. വോട്ടെടുപ്പിൽ ബി.ജെ.പിയ്ക്ക് 105 ഉം ഭരണപക്ഷത്തിനു 99 വോട്ടുകളുമാണ് ലഭിച്ചത്.
“എല്ലാ നുണകളും കാലക്രമേണ പൊളിച്ചടുക്കപ്പെടുമെന്നും, എല്ലാവരേയും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും, എല്ലാം വാങ്ങിച്ചുകൂട്ടാനാവില്ലെന്നും ഒരു ദിവസം ബി.ജെ.പി. തിരിച്ചറിയും.” പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചു.
“അതുവരെ, അവരുടെ അനിയന്ത്രിതമായ അഴിമതിയും, ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സ്ഥാപിതനിയമങ്ങളുടെ ആസൂത്രിതമായ ലംഘനങ്ങളും, ദശകങ്ങളായുള്ള അധ്വാനവും ത്യാഗവും കൊണ്ട് കെട്ടിപ്പെടുത്തിയെടുത്ത ജനാധിപത്യത്തിന്റെ ദുർബലാവസ്ഥയും, നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് സഹിക്കേണ്ടിവരുമെന്ന് ഞാൻ കരുതുന്നു,” പ്രിയങ്ക ഗാന്ധി മറ്റൊരു ട്വീറ്റിൽ കുറിച്ചു.