Mon. Dec 23rd, 2024
ചെന്നൈ:

രാജീവ് ഗാന്ധി വധക്കേസിലെ ഏഴു ജീവപര്യന്തം തടവുകാരെ നേരത്തെ മോചിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ സംബന്ധിച്ച് തമിഴ്‌നാട് ഗവർണറുടെ തീരുമാനം വരാനിരിക്കെ, അവരിൽ ഒരാളായ നളിനി ശ്രീഹരൻ ഒരു മാസം നീണ്ടുനിൽക്കുന്ന പരോളിൽ, ജയിലിൽ നിന്ന് വ്യാഴാഴ്ച പുറത്തിറങ്ങിയേക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.

ജൂലൈ 5 ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുമ്പാകെ നേരിട്ട് ഹാജരായി മകൾ ഹരിത്രയുടെ വിവാഹത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനായി 30 ദിവസത്തെ അവധി, നളിനി നേടിയിരുന്നു. ജയിലിനു പുറത്തുള്ള കാലയളവിലെ താമസത്തിന്റെ വിശദാംശങ്ങൾ അവർ സമർപ്പിച്ചിട്ടുണ്ടെന്ന് ജയിൽ അധികൃതർ പറഞ്ഞു.

നളിനിയുടെ അമ്മയും, കാട്‌പാടി പട്ടണത്തിൽ നിന്നുള്ള, ഇവരുമായി അടുപ്പമുള്ള ഒരു സ്ത്രീയും ആണ് ജാമ്യം നൽകിയതെന്ന് ജയിൽ അധികാരികൾ അറിയിച്ചു. വെല്ലൂർ നഗരത്തിലെ തമിഴ് അനുകൂല സംഘടനയായ ദ്രാവിഡ ഇയക്ക തമിളർ പേരാവൈയുടെ ഒരു പ്രവർത്തകയുടെ വീട്ടിലായിരിക്കും താമസിക്കുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ശിക്ഷിക്കപ്പെട്ട വനിതയാണ് അവർ. അവരുടെ മകൾ ഹരിത്ര ജയിലിലാണ് ജനിച്ചത്. ഇപ്പോൾ യു.കെ.യിൽ താമസിക്കുന്നു.

നളിനിയെ കൂടാതെ ഭർത്താവ് ശ്രീഹരൻ എന്ന മുരുകൻ, എ.ജി. പേരറിവാളൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരും രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 മെയ് 21 ന് ശ്രീപെരുംപുത്തൂരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ കൊല്ലപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *