തിരുനെൽവേലി:
തിരുനെൽവേലി മുൻ മേയർ എം. ഉമ മഹേശ്വരിയെയും മറ്റു രണ്ടു പേരെയും മേലെപാളയത്തിലെ വീട്ടിൽ അജ്ഞാത സംഘം ചൊവ്വാഴ്ച കുത്തിക്കൊലപ്പെടുത്തി. മേയറും, ഭർത്താവ് മുരുകശങ്കർ (72), വീട്ടുജോലിക്കാരി മാരി (50) എന്നിവരുമാണു മരിച്ചത്. ഡി.എം.കെ. വനിതാവിഭാഗം പ്രവർത്തകയായ മഹേശ്വരി തിരുനെൽവേലിയിലെ ആദ്യത്തെ മേയറായിരുന്നു. 1991-2001 മേയർ സ്ഥാനം വഹിച്ചു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശങ്കരൻകോവിൽ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച അവരെ എ.ഐ.എ.ഡി.എം.കെയുടെ കറുപ്പുസാമി പരാജയപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിൽ മൂന്നുപേരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടാകാം എന്ന് സിറ്റി കമ്മീഷണർ എൻ. ഭാസ്കരൻ പറഞ്ഞു. മഹേശ്വരി ധരിച്ച ആഭരണങ്ങളും വീട്ടിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായും പോലീസ് പറഞ്ഞു. “ഉച്ചയ്ക്ക് 12 നും 1 നും ഇടയിലാരിക്കണം കൊലപാതകം നടന്നത്,” അദ്ദേഹം പറഞ്ഞു. “മുൻ മേയറുടെ ബന്ധുവായ ലാൽ ബഗത്തൂറാണ്, രക്തത്തിൽ കുളിച്ചുകിടന്നിരുന്ന മൃതദേഹങ്ങൾ ആദ്യം കണ്ടത്. മൂന്നുപേരും കുത്തേറ്റു മരിച്ച നിലയിലായിരുന്നു.”