Sat. Dec 28th, 2024
കോട്ടയം:

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ അഭിപ്രായഭിന്നത കണക്കിലെടുത്ത് കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ക്വാറം തികയാത്തത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് . നാളെ ക്വാറം തികഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട പ്രസിഡന്റ് സ്ഥാനത്തേക്ക് ജോസ്. കെ. മാണി വിഭാഗവും ജോസഫ് വിഭാഗവും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. പ്രശ്‌നപരിഹാരത്തിനെത്തിയ യുഡിഎഫ് യോഗം പരിഹാരം ആകാതെ പിരിയുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസ് നിലപാട് കെപിസിസി തീരുമാനിക്കുമെന്നും പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ടതാണെന്നും ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മാണി പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവിഷനിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ തളളി ജോസഫ് വിഭാഗം അജിത് മുതിരമലയ്ക്കായി വിപ്പ് നല്‍കിയതോടെയാണ് പ്രതിസന്ധി ശക്തമായത്. വിപ്പ് നല്‍കാനുള്ള അധികാരം ജില്ലാ പ്രസിഡന്റുമാര്‍ക്കാണെന്ന് മാണി പക്ഷം വാദിച്ചു.

കേരള കോണ്‍ഗ്രസിലെ ഭരണഘടനയനുസരിച്ച് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ ആണ് വിപ്പ് നല്‍കാനുള്ള അധികാരമെന്ന് ജോസഫ് പക്ഷം . നിവലില്‍ ആറ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയെന്നും അവരതു പാലിക്കണമെന്നും ജോസഫ് പക്ഷം വ്യക്തമാക്കി.

എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ നിലപാടാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുക. കോണ്‍ഗ്രസ് നിലവില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാനാകും. കോണ്‍ഗ്രസ് 8,കേരള കോണ്‍ഗ്രസ് എം. 6 (ജോസ് , ജോസഫ് വിഭാഗങ്ങള്‍ക്ക് )സിപിഎം 6, കേരള ജനപക്ഷം സെക്യുലര്‍ 1 എന്നിങ്ങനെയാണ് കക്ഷിനില

Leave a Reply

Your email address will not be published. Required fields are marked *