Mon. Dec 23rd, 2024

 

തൃശൂര്‍:

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ അനില്‍ അക്കരയുടെ പ്രസ്താവനയില്‍ കെ.പി.സി.സിക്ക് അതൃപ്തി. ആലത്തൂര്‍ എം പി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങിക്കൊടുക്കാനുള്ള തീരുമാനം വിലക്കിയതിനാണ് മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര രംഗത്തെത്തിയത്. അനില്‍ അക്കരെയോട് കെ.പി.സി.സി ഇതു സംബന്ധിച്ച് വിശദീകരണം തേടിയേക്കും.

മുല്ലപ്പള്ളിയുടെ നടപടി സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ച പോലെയാണെന്ന് അനില്‍ അക്കര തുറന്നടിച്ചു. ഫെയ്‌സ്ബുക്കില്‍ പ്രതികരിക്കാമെങ്കില്‍ തങ്ങള്‍ക്കുമാകാം. മുല്ലപ്പള്ളിയെപ്പോലെ താനും എ.ഐ.സി.സി അംഗമാണ്. മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്റാണെന്നതു മാത്രമാണ് വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയായിരുന്നു രമ്യ ഹരിദാസിന് പിരിവിട്ട് കാര്‍ വാങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചത്. ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുലക്ഷം രൂപ വീതം പിരിച്ച് ഏഴ് മണ്ഡലങ്ങളില്‍ നിന്നായി 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. പൊതുജനങ്ങളില്‍ നിന്ന് പിരിവെടുക്കാതെ സംഘടനാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെ പണം കണ്ടെത്താനായിരുന്നു നീക്കം. ഇതിനായി 1400 കൂപ്പണാണ് അടിച്ചത്.ജൂലൈ 25നകം പിരിവ് പൂര്‍ത്തിയാക്കാന്‍ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കൂടാതെ ഓഗസ്റ്റ് ഒമ്പതിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാഹനത്തിന്റെ താക്കോല്‍ കൈമാറുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ സ്വന്തമായി ശമ്പളവും ആനുകൂല്യങ്ങളുമുള്ള എം.പിയ്ക്ക് കാര്‍ വാങ്ങാനായി പ്രവര്‍ത്തകര്‍ പിരിവിടുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഈ വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്. രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കുന്നതിനായി പണപ്പിരിവ് നടത്തിയത് ശരിയല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. എം.പിക്ക് കാര്‍ വാങ്ങാന്‍ ലോണ്‍ കിട്ടുമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്‌നേഹസഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ലെന്നും എന്നാല്‍ എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

വാഹനം വാങ്ങുന്നത് വിവാദമായ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിക്കുന്നുവെന്നും തന്റെ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് തന്റെ അവസാന ശ്വാസമെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു. പൊതുജീവിതം സുതാര്യമായിരിക്കുമെന്നും രമ്യാ ഹരിദാസ് പ്രതികരിച്ചിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *