Reading Time: 3 minutes
ന്യൂഡൽഹി :

അധികാര തുടർച്ച ലഭിച്ച മോദി സർക്കാർ ഭരണത്തിന്റെ ആദ്യ നാളുകളിൽ തന്നെ തങ്ങളുടെ ഏകാധിപത്യ പ്രവണതകൾ പുറത്തെടുക്കുന്നതിന്റെ സൂചനകൾ വന്നുതുടങ്ങി. അതിന്റെ ആദ്യപടിയായാണ് സാധാരണക്കാരന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുള്ള കച്ചിത്തുരുമ്പായ വിവരാവകാശ നിയമത്തിന്റെ ചിറകുകൾ അരിയുന്ന നിയമ ഭേദഗതി ബില്ല് ലോക്സഭ കഴിഞ്ഞ ദിവസം പാസ്സാക്കിയിട്ടുള്ളതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

വിവരാവകാശ കമ്മിഷണര്‍മാരുടെ പദവി വെട്ടിക്കുറക്കുകയും സര്‍ക്കാറിന് അവരുടെ മേല്‍ നിയന്ത്രണം ഉറപ്പുവരുത്തുകയും ചെയ്യുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ വിവരാവകാശ നിയമഭേദഗതിയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന പ്രതിപക്ഷ ആവശ്യം തള്ളിയ സര്‍ക്കാര്‍ ലോക്‌സഭയില്‍ ബില്‍ പാസ്സാക്കുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് പരിഗണിക്കാതെയാണ് ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. വിവരാവകാശ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി ന്യൂഡല്‍ഹിയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ഈ നിയമ ഭേതഗതിയോടെ ഇനി മുതൽ വിവരാവകാശ കമ്മീഷണര്‍മാരുടെ പ്രവര്‍ത്തന കാലാവധിയും, സേവന വേതന വ്യവസ്ഥയും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. അ‍ഞ്ച് വര്‍ഷ കാലാവധി, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് തുല്യമായ പദവി എന്നിവയാണ് പുതിയ ഭേദഗതിയില്‍ നിന്നും ഒഴിവാക്കിയത്. ഭേദഗതി സംസ്ഥാന വിവരാകാശ കമ്മീഷണര്‍മാരുടെ നിയമനത്തിനും ബാധകമാകും.

കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ ഭേദഗതികൾ ലോക്സഭയിൽ പാസ്സാക്കാൻ ശ്രമിച്ചെങ്കിലും അംഗങ്ങളുടെ രൂക്ഷമായ എതിർപ്പ് മൂലം അത് നടന്നിരുന്നില്ല. അതെ സമയം ഭേദഗതികള്‍ വിവരാകാശ നിയമത്തെ ഇല്ലാതാക്കുന്നതാണെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആരോപിച്ചു.

ദുര്‍ബ്ബലമായ കാരണങ്ങളാണ് ഭേദഗതിക്കായി കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് എന്നത് ഭരണഘടനയുടെ 324 (1) വകുപ്പ് അനുസരിച്ച് രൂപീകരിക്കുന്ന സ്ഥാപനമാണെന്നും വിവരാവകാശ കമ്മിഷണര്‍ എന്നത് 2015 ല്‍ ഉണ്ടാക്കിയ നിയമത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ളതാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. അതിനാല്‍ ഭരണഘടനാ പദവിയും നിയമപരമായ പദവിയും തുല്യമായി നിര്‍വചിക്കുന്നതും സേവന വേതന വ്യവസ്ഥകള്‍ സമാനമാക്കുന്നതും നിയമവിരുദ്ധമാണെന്നും അതുകൊണ്ടാണ് മാറ്റം വരുത്തുന്നതെന്നുമാണ് സർക്കാരിന്റെ വാദം.

രണ്ടാം മോദി സർക്കാർ ജനങ്ങളുടെ കരുത്ത് ചോർത്തിക്കളയുകയാണ് ഈ ബില്ലിലൂടെ ചെയ്തതെന്ന് കോൺഗ്രസ് പാർലമെന്ററി പാർ‌ട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

“പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വിവരാവകാശ പ്രകാരം അന്വേഷിച്ചതിനാണോ നിങ്ങളീ ഭേദദഗതി കൊണ്ടുവന്നത്” എന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.

വിവരാവകാശ കമ്മിഷനെ കൊല്ലുന്ന ബില്ലാണ് ഇതെന്ന് ശശി തരൂര്‍ എം.പി. കുറ്റപ്പെടുത്തി. “ആർടിഐ എലിമിനേഷൻ ബിൽ” എന്നാണ് തരൂർ ഈ ബില്ലിനെ വിശേഷിപ്പിച്ചത്.

പാര്‍ലമെന്റിനും ഭരണഘടനയ്ക്കും ഭീഷണിയുയര്‍ത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.ബില്‍ അവതരിപ്പിക്കാന്‍ വോട്ടെടുപ്പ് വേണമെന്ന് ഉവൈസിയാണ് ആവശ്യപ്പെട്ടത്. ഇതിനിടെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് തൃണമൂല്‍ അംഗം സൗഗതാ റോയ് ആവശ്യപ്പെട്ടു. ഇത് നിരസിക്കപ്പെട്ടതോടെ കോണ്‍ഗ്രസിലെയും തൃണമൂലിലെയും അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

എന്തുകൊണ്ട് ഈ നിയമഭേദഗതി എതിർക്കപ്പെടുന്നു?

2005ലാണ് വിവരാവകാശ നിയമം നിലവില്‍ വരുന്നത്. ഭരണപരമായ വിവരങ്ങള്‍ പൗരന്മാര്‍ക്ക് അപേക്ഷ നല്‍കി 30 ദിവസത്തിനകം നല്‍കണമെന്നാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്. 2005ലെ വിവരാവകാശ നിയമത്തിലെ പതിനാറാം വകുപ്പ് പ്രകാരം സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇൻഫർമേഷൻ കമ്മീഷണർമാരുടെയും കാലാവധി പരമാവധി 5 വർഷമോ, റിട്ടയർ പ്രായം വരെയോ ആയി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, പുതിയ നിയമഭേദഗതി പ്രകാരം നിയമന കാലാവധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായിരിക്കും. ഇതോടെ ഏതു സമയത്തും നീക്കം ചെയ്യപ്പെടാൻ സാധ്യതയുള്ള, അതിനാൽത്തന്നെ താരതമ്യേന അധികാരം കുറഞ്ഞ ഒരു പദവിയായി കേന്ദ്ര-സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരുടെ പദവികൾ മാറുന്നു.

അധികാരം കുറയുന്തോറും ഉദ്യോഗസ്ഥർക്ക് വിവരാവകാശ പ്രകാരം അപേക്ഷിച്ചിട്ടുള്ള വിവരങ്ങൾ ലഭ്യമാക്കാനുള്ള പരിമിതികളും വർദ്ധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും സുപ്രീംകോടതി ജഡ്ജിമാര്‍ക്കും തതുല്യമാണ് വിവരാവകാശ കമ്മീഷണര്‍മാരുടെ പദവി. ഇതില്‍ മാറ്റം വരുന്നതോടെ വിവരാവകാശ കമ്മീഷണര്‍മാരുടെ അധികാരത്തില്‍ വലിയ ഇടിവ് വരുമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ അവരുടെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കുന്ന സ്ഥിതിവിശേഷം സംജാതമാവുമെന്നും വിവരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്വാതന്ത്ര്യം കുറയുന്തോറും ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയ സമ്മർദ്ദങ്ങൾ അതിജീവിക്കാൻ കഴിയാതെ വരും. വിവരാവകാശ കമ്മീഷണര്‍ സര്‍ക്കാരിനോ മന്ത്രിമാര്‍ക്കോ എതിരായ രേഖകളും ഉത്തരവുകളും ഇറക്കാതാകും. വിവരാവകാശ കമ്മീഷണര്‍മാരെ വരുതിക്ക് നിറുത്താന്‍ ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്ന പ്രധാന ആശങ്ക.

ജോലിയേയും ശമ്പളത്തേയും ബാധിക്കുമെന്ന് വരുമ്പോള്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പോലും സുതാര്യമായി പ്രവര്‍ത്തിക്കാതെ വരും. ഫലത്തിൽ നീതിക്കു വേണ്ടി പൊരുതുന്നവരുടെ ആശ്രയമായ വിവരാവകാശ നിയമത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്ന ഒരു ഭേദഗതിയായി ഇത് മാറാനുള്ള സാധ്യതയാണ് ഉരുത്തിരിയുന്നത്.

Advertisement

Leave a Reply

avatar
  Subscribe  
Notify of