Mon. Dec 23rd, 2024
#ദിനസരികള്‍ 826

 

ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെ മുന്‍നിറുത്തി ഇന്ത്യയിലെ മുസ്ലിം ജീവിതത്തെ വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ട് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കാട്‌ജു 27-06-2019 ലെ ഹിന്ദുവില്‍ Taking firm steps to emancipation എന്ന പേരില്‍ വളരെ ശ്രദ്ധേയമായ ഒരു ലേഖനം എഴുതിയിരുന്നു. എന്നാല്‍ മുസ്ലീമിനെ സംബന്ധിക്കുന്ന ഏതൊരു അഭിപ്രായത്തേയും ആവശ്യത്തിനും അനാവശ്യത്തിനും വിവാദമാക്കാന്‍ കച്ചകെട്ടിയിറങ്ങിയ നമ്മുടെ മാധ്യമങ്ങള്‍ കാട്‌ജുവിന്റെ നിലപാടുകളെ വേണ്ടത്ര ഗൌരവത്തോടെ പരിഗണിച്ചുവെന്ന് ഞാന് കരുതുന്നില്ല. നമ്മുടെ ഭാഷയിലാകട്ടെ ആ ലേഖനത്തെപ്പറ്റി ഡോ. ഹമീദ് ചേന്നമംഗലൂര്‍ മാത്രമാണ് എഴുതിക്കണ്ടത്. അതാകട്ടെ അദ്ദേഹം കാലങ്ങളായി പിന്തുടര്‍ന്നു പോരുന്ന ആശയങ്ങളെ പിന്താങ്ങുന്നുവെന്ന നിലയ്ക്കുമാണ്. എന്നാല്‍ യാതൊരു വിധ മുന്‍വിധികളുമില്ലാതെ വളരെ സ്വതന്ത്രമായി ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നുതന്നെയാണ് എനിക്കു തോന്നുന്നത്.

സ്വാതന്ത്ര്യലബ്ധി മുതല്‍ പല വിധ കാരണങ്ങള്‍ നിരത്തി നമ്മുടെ രാഷ്ട്രീയ നേതൃത്വവും മതപൌരോഹിത്യവും ഈ സമൂഹത്തെ ഒരു വോട്ടുബാങ്കു മാത്രമായി നിലനിറുത്തിപ്പോന്നു.അത്തരത്തില്‍ രാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഒരു വലിയ സമ്മര്‍ദ്ദ ശക്തിയായി തുടരുക എന്നതാണ് നല്ലതെന്നായിരുന്നു നേതൃത്വം സമുദായത്തെ പഠിപ്പിച്ചത്. അങ്ങനെ നെടുനാളായി തങ്ങള്‍ നിശ്ചയിക്കുന്നവര്‍ അധികാരത്തിലെത്തുമെന്ന് ചിന്തിച്ചു പോന്നവരെ ഞെട്ടിച്ചുകൊണ്ടാണ് മോദിയും കൂട്ടരും 2019 ലെ ഇലക്ഷനില്‍ മുന്നൂറില്‍പ്പരം സീറ്റിലേക്കെത്തിയത്. ഇത് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആ സമൂഹത്തെ ഞെട്ടിച്ചുവെന്ന് വിലയിരുത്തിക്കൊണ്ട് ഇനിയും ഒരു സമ്മര്‍ദ്ദസംഘമായി തുടരുകയമല്ല മറിച്ച് പൊതുസമൂഹത്തിന്റെ ഭാഗമായി മാറിക്കൊണ്ട് ഇടപെടുകയാണ് വേണ്ടത് എന്ന് കാട്ജു വിശദീകരിക്കുന്നു. നാളിതുവരെ പിന്തുടര്‍ന്നു പോന്ന യാഥാസ്ഥിതികമായ ആശയങ്ങള്‍ക്ക് കടകവിരുദ്ധമായ, എന്നാല്‍ ഒരു ജനവിഭാഗം എന്ന നിലയില്‍ കൂടുതല്‍ ഫലവത്തായ ജീവിത സാഹചര്യങ്ങളെ നേടാനുതകുന്ന നിര്‍‌ദ്ദേശങ്ങളെ മുസ്സിം വിഭാഗവും പൊതുജനങ്ങളും ഗൌരവപൂര്‍വം ചര്‍ച്ചക്കെടുക്കുക തന്നെ വേണം.

കാട്‌ജുവിന്റെ നിര്‍‌ദ്ദേശങ്ങളെ പരിഗണിക്കുക

ഒന്ന് – എല്ലാ മതവിഭാഗങ്ങളേയും ഏകീകൃത സിവില്‍ കോഡിനു കീഴിലേക്കു കൊണ്ടുവരിക എന്ന മുദ്രാവാക്യവുമായി മുസ്ലിം സമൂഹം മുന്നിട്ടിറങ്ങണം. അങ്ങനെയാണെങ്കില്‍ പൊതുസമൂഹത്തിന്റെ ധാരണകളുമായി ഒരു വിധത്തിലും ചേര്‍ന്നു പോകാത്ത, നൂറ്റാണ്ടുകള്‍ക്കു മുമ്പ് മറ്റൊരു കാലത്തിനും ബോധത്തിലുമിരുന്ന് ഒരു ജനത ആവിഷ്കരിച്ചെടുത്ത, കെട്ടു പോയ ശരീയത്ത് നിയമങ്ങളെ ഒഴിവാക്കുക തന്നെ വേണ്ടിവരും. അത് തികച്ചും പുരോഗമനോന്മുഖവും സമകാലത്തോട് സംവദിക്കുന്നതുമായിരിക്കും. തങ്ങളും ഇക്കാലത്തു തന്നെയാണ് ജീവിക്കുന്നതെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഈ നിലപാട് സഹായിക്കും. പുരുഷകേന്ദ്രിതമായ സ്ത്രീകളെ തുല്യരായി പരിഗണിക്കാത്ത ഒരു നിയമ വ്യവസ്ഥ ആധുനിക കാലത്തിന് യോജിച്ചതല്ല. The law is a reflection of social conditions at a particular historical stage of a society’s development. So as society changes, the law too must change. How can a medieval law be applicable in the 21st century? The abolition of Sharia will not mean the abolition of Islam. Almost the entire old non-statutory Hindu law was abolished by the Hindu Marriage Act, 1955 and the Hindu Succession Act, 1956 — but Hinduism has not been abolished by that എന്ന് കാട്‌ജു.

രണ്ട് – രണ്ടാമത്തേത് സ്ത്രീകളെ കൂട്ടിലടയ്ക്കുന്ന ബുര്‍ഖ സമ്പ്രാദായം അവസാനിപ്പിക്കുക എന്നതാണ്. അത്തരം വേഷവിധാനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാനും അവമതിപ്പുണ്ടാകാനും കാരണമാകുന്നു. എന്തൊക്കെ ന്യായം പറഞ്ഞാലും അടിച്ചേല്പിക്കപ്പെടുന്ന ഒരു വേഷവിധാനമാണ് അത്. ബുര്‍ഖയെ ന്യായീകരിച്ചുകൊണ്ട് ഉന്നയിക്കപ്പെടുന്ന ഓരോ വാദങ്ങളും പുരുഷ മേധാവിത്തപരമായ ഒരു സമൂഹത്തിന്റെ ആശയപ്രകാശനമാണ്. അതൊരിക്കലും നമ്മുടേതു പോലെയുള്ള ഒരു ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല.അതുകൊണ്ട് ബുര്‍ഖയെ ഉപേക്ഷിക്കാന്‍ സമുദായം തയ്യാറാകണം. ഈ വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്ന് വാദിക്കുന്നവരെ കാട്ജു തള്ളിക്കളയുന്നുമുണ്ട്.

മൂന്ന് – 1973 ല്‍ സ്ഥാപിച്ച മുസ്ലിംവ്യക്തിനിയമ ബോര്‍ഡ് പിരിച്ചുവിടുക എന്നതാണ്. അത് വോട്ടുബാങ്കിനെ മുന്നില്‍ കണ്ടുകൊണ്ട് ഇന്ദിരാഗാന്ധി നടത്തിയ ഒരു രാഷ്ട്രീയ നീക്കമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സമുദായത്തെ പുരോഗമനോന്മുഖമായി മുന്നോട്ട് നയിക്കാന്‍ ബാധ്യതപ്പെട്ട പ്രസ്തുത ബോര്‍ഡ് നൂറ്റാണ്ടുകള്‍ക്കു മുമ്പേയുള്ള ധാരണകളുമായിട്ടാണ് ജീവിച്ചു പോകുന്നത്. ഇത് മുസ്ലീം സമുദായത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുസ്ലീങ്ങളെ ഫ്യൂഡല്‍ കാലത്തിലെ സമൂഹമായി നിലനിറുത്തിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. ശബാനു ബീഗം കേസുമായി ബന്ധപ്പെട്ട് അവര്‍ സ്വീകരിച്ച നിലപാട് കാട്‌ജു ഉദാഹരിക്കുന്നു – “The AIMPLB comprises reactionary clerics and other people most of whom have reactionary mindsets whose aim is to protect and continue the outdated feudal reactionary Sharia law, which in fact harms Muslims. The AIMPLB strongly opposed the progressive and humanitarian Shah Bano judgment (1985), which granted maintenance to divorced Muslim women, and which led to the Rajiv Gandhi government getting the judgment legislatively annulled.”

മുസ്ലിംയുവാക്കളെ വിശ്വാസത്തിലെടുത്തുകൊണ്ട് കാലത്തിന്റെ വിളി കേള്‍ക്കണമെന്നാണ് കാട്‌ജു അവരോട് ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യം കിട്ടി ഇത്ര കാലത്തിനു ശേഷവും ആരൊക്കെയോ ഏതൊക്കെയോ കാലങ്ങളില്‍ എറിഞ്ഞു കൊടുത്ത അപ്പക്കഷണങ്ങളുടെ വാഴ്ത്തുപാട്ടുകളുമായി ജീവിച്ചു പോകുന്നവര്‍ മാറണം. അതിന് ആദ്യമായി വേണ്ടത് സ്വന്തം ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളെ സ്വയം തന്നെ കഴുകിക്കളയുകയെന്നതാണ്. നൂറ്റാണ്ടുകള്‍ക്കു പിന്നില്‍ ജീവിക്കുന്ന മനസും ഇക്കാലത്ത് പ്രവര്‍ത്തിക്കുന്ന ശരീരവുമായി ആര്‍ക്കും ഏറെ ദൂരം പോകാനാവില്ല. വഞ്ചി പുഴയിലും തുഴ കുളത്തിലുമായാല്‍ എങ്ങനെയാണ് മുന്നോട്ട് നീങ്ങുക? അതുകൊണ്ട് ഏതോ കാലത്തെ ഒരു ജനസഞ്ചയം ആ കാലത്തെ ധാരണകളെ അടിസ്ഥാനപ്പെടുത്തി പരുവപ്പെടുത്തിയെടുത്ത നിയമ സംവിധാനങ്ങളെ തിരുത്തിയും ഇക്കാലത്തിന്റെ നീതിബോധങ്ങളെ സ്വീകരിച്ചും സ്വയം നവീകരിച്ചുകൊണ്ടുമാത്രമേ മുസ്ലിം സമൂഹത്തിന് ഇനി മുന്നോട്ടു പോകാനാകൂവെന്ന ചിന്തക്ക് കാട്‌ജു അടിവരയിടുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *