Mon. Dec 23rd, 2024
ന്യൂഡൽഹി:

 

ഭക്ഷ്യോത്പാദക മൃഗങ്ങളിലും, കോഴി, മീൻ വളർത്തുകേന്ദ്രങ്ങളിലും, ആന്റിബയോട്ടിക്കായ കോളിസ്റ്റിൻ നിരോധിക്കാൻ ആരോഗ്യമന്ത്രാലയം ഉത്തരവു നൽകി. മൃഗങ്ങൾ കാരണം മനുഷ്യരിൽ കൂടുതലായി വരുന്ന ആന്റിമൈക്രോബിയൽ പ്രതിരോധം നിയന്ത്രിക്കാനാണ് ഈ തീരുമാനമെടുത്തത്.

കോളിസ്റ്റിന്റെയും അനുബന്ധഘടകങ്ങളുടെയും ഉത്പാദനവും, വില്പനയും വിതരണവും അടിയന്തിരമായി നിർത്തിവയ്ക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

ഗുരുതരപരിചരണ യൂണിറ്റുകളിൽ ജീവൻ രക്ഷിക്കുന്ന വിലയേറിയ, അവസാനത്തെ ആശ്രയമായ ആൻറിബയോട്ടിക്കാണ് കോളിസ്റ്റിൻ. അടുത്ത കാലത്തായി, മരുന്നിനെ പ്രതിരോധിക്കുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ഡോക്ടർമാരെ ആശങ്കാകുലരാക്കുന്നുണ്ട്. അതിനാൽ, ഭക്ഷ്യ വ്യവസായത്തിൽ കോളിസ്റ്റിന്റെ ഉപയോഗം, പ്രത്യേകിച്ച് മൃഗങ്ങൾ, കോഴി, മീൻ വളർത്തുകേന്ദ്രങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന വളർച്ചാസഹായികൾ, രാജ്യത്ത് ആന്റിമൈക്രോബിയൽ പ്രതിരോധം കുറയ്ക്കാനുള്ള സാദ്ധ്യതയുണ്ട്.

വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ, കോളിസ്റ്റിനും, അതിന്റെ ഉത്പന്നങ്ങളും നിർമ്മിക്കുന്നവരോട്, ഇത് മനുഷ്യരെ ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്നതിനാൽ, അതിന്റെ പായ്ക്കറ്റുകളിൽ ഭക്ഷ്യോത്പാദക മൃഗങ്ങളിലും, കോഴി, മീൻ വളർത്തുകേന്ദ്രങ്ങളിലും, മൃഗങ്ങൾക്കു നൽകുന്ന ഭക്ഷണങ്ങളിലും, ഉപയോഗിക്കരുത് എന്ന് രേഖപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.

ചെന്നൈയിൽ പലയിടത്തുനിന്നുമായി ശേഖരിച്ച അസംസ്കൃത ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചതിൽ നിന്നും, അത് കോളിസ്റ്റിൻ ബാക്ടീരിയയെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയതായി ചെന്നൈയിലെ അപ്പോളോ കാൻസർ ആശുപത്രിയിലേയും, വെല്ലൂരിലെ കൃസ്ത്യൻ മെഡിക്കൽ കോളേജിലേയും ഗവേഷകർ, “ഗ്ലോബൽ ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് ജേണലിലെ (Journal of Global Antimicrobial Resistance) ഒരു പ്രബന്ധത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.

“ഇത് ഒരു വലിയ വിജയമാണ്. ഇതിനെക്കുറിച്ചാണ് ഞങ്ങൾ വർഷങ്ങളായി പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതു വഴി, നാം കഴിക്കുന്ന ഭക്ഷണത്തിൽ കോളിസ്റ്റിൻ എത്തുന്നില്ലെന്നും, നമുക്ക് ആന്റിബയോട്ടിക് പ്രതിരോധം ഉണ്ടാവില്ലെന്നും ഉറപ്പുവരുത്താൻ കഴിയും.” ഗവേഷകരിൽ ഒരാളായ, അപ്പോളോ ആശുപത്രിയിലെ ഡോ. അബ്ദുൾ ഗഫൂർ പറഞ്ഞു.

“ഇത് പ്രതിരോധത്തിന്റെ വികസനം ലക്ഷ്യമിടുന്ന സുപ്രധാന നീക്കമാണ്,” പകർച്ചവ്യാധി വിദഗ്ദ്ധനും ക്യാപ്സ്റ്റോൺ ക്ലിനിക്കിലെ മെഡിക്കൽ ഡയറക്ടറുമായ വി. രാമസുബ്രഹ്മണ്യൻ പറഞ്ഞു.

“ഏതൊരു മരുന്നിന്റേയും അമിത ഉപയോഗം പ്രതിരോധത്തിലേക്ക് നയിക്കുന്നു. മൃഗങ്ങളുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന ഘടകമായി കോളിസ്റ്റിൻ ഉപയോഗിക്കുന്നതു കുറയ്ക്കാനും, അതിനെ ചികിത്സയുടെ ആവശ്യത്തിലേക്കു മാത്രം പരിമിതപ്പെടുത്താനും കഴിയുമെങ്കിൽ, അതിന് പ്രതിരോധം ഉണ്ടാക്കാനുള്ള സാധ്യത കുറയുന്നു,” അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *