Thu. Jan 23rd, 2025
അഹമ്മദാബാദ്:

 

ആറു കോടി ഗുജറാത്തുകാർക്ക് നീതി ലഭിക്കാനായി ബി.ജെ.പിയ്ക്കെതിരെയുള്ള പോരാട്ടം തുടരണമെന്ന് പാട്ടിദാർ നേതാവായ ഹാർദിക് പട്ടേൽ ശനിയാഴ്ച പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ ചേർന്ന ഒരു യോഗത്തിലാണ് പട്ടേൽ ഇക്കാര്യം പറഞ്ഞത്. ആം ആദ്മി പാർട്ടി എം.പി. സഞ്ജയ് സിങ്ങും, എ.ഐ.സി.സി. വക്താവ് ശക്തിസിങ് ഗോഹിലും ആ യോഗത്തിൽ സന്നിഹിതരായിരുന്നു.

“26 ലോക്സഭ സീറ്റിലും ബി.ജെ.പിയാണ് ജയിച്ചത്. എന്നിട്ടും കർഷകർ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. കർഷകർ വളരെ ദുരിതത്തിലാണ്. യുവാക്കളുടെ കാര്യത്തിലും, വിദ്യാഭ്യാസത്തിനു നൽകേണ്ടിവരുന്ന ഉയർന്ന ഫീസിന്റെ കാര്യത്തിലും വളരെയേറെ പ്രശ്നങ്ങളുണ്ട്. പക്ഷേ, സർക്കാർ അതൊന്നും ശ്രദ്ധിയ്ക്കുന്നില്ല. നമുക്ക് പോരാട്ടം തുടരണം. അതിനായി ഗുജറാത്തിലെ ജനങ്ങളുടെ വിവേകത്തെ ഉണർത്തണം.” ഹാർദിക് പട്ടേൽ യോഗത്തിൽ പറഞ്ഞു. ഒരു സർക്കാർ മെഡിക്കൽ കോളേജിനു മാത്രം അനുമതി നൽകിയ സർക്കാർ, പക്ഷേ, 40 സ്വകാര്യ കോളേജുകൾക്ക് അനുമതി നൽകിയെന്നും, തന്മൂലം വിദ്യാഭ്യാസച്ചെലവ് വർദ്ധിപ്പിച്ചെന്നും പട്ടേൽ പറഞ്ഞു.

“ഗുജറാത്തിൽ ഒരാളും ഒന്നും പറയാൻ തയ്യാറാവുന്നില്ല. അഥവാ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരെ ജയിലിൽ അടയ്ക്കാൻ സാദ്ധ്യതയുണ്ട്. അല്ലെങ്കിൽ അപമാനിയ്ക്കാൻ സാദ്ധ്യതയുണ്ട്. പക്ഷേ, നമ്മൾ പറയുമെന്നു നമ്മൾ തീരുമാനം എടുക്കണം. ബി.ജെ.പിയ്ക്കെതിരായി നമ്മുടെ പോരാട്ടം തുടരണം.” ഹാർദിക് പട്ടേൽ പറഞ്ഞു.

കോടീശ്വരന്മാർ ഒഴികെയുള്ള എല്ലാവരും ദുരിതത്തിലാണെന്നും, മുഴുവൻ കോടീശ്വരന്മാരും സർക്കാരിനൊപ്പം ചേരുകയാണെന്നും പട്ടേൽ പറഞ്ഞു. സംവരണത്തിനുവേണ്ടി താൻ നടത്തിയ പോരാട്ടം കാരണമാണ്, മുന്നാക്ക ജാതിയിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം നൽകാൻ കേന്ദ്രസർക്കാർ നിർബന്ധിതരായതെന്നും പട്ടേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *