Mon. Dec 23rd, 2024
മുംബൈ:

ലിസ്റ്റ് ചെയ്ത കമ്പനികളുടെ പൊതു ഓഹരി പങ്കാളിത്തം 35 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശം നടപ്പാക്കുക എളുപ്പമല്ലെന്ന് സെബി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച് സെബി ചെയര്‍മാന്‍ അജയ് ത്യാഗി നിര്‍മല സീതാരാമന് കത്തയച്ചു.

ബാങ്കുകള്‍ ഉള്‍പ്പെടെ 31 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള 25 ശതമാനത്തിന്റെ പരിധി നടപ്പാക്കാന്‍ ഇനിയുമായിട്ടില്ല. ഇതില്‍ത്തന്നെ ആറു ബാങ്കുകളില്‍ 90 ശതമാനത്തിലധികമാണ് സര്‍ക്കാര്‍ പങ്കാളിത്തം ഉള്ളത്.

സെബിയുടെ കരുതല്‍ ധനം സര്‍ക്കാരിന് കൈമാറണമെന്ന നിര്‍ദേശം നടപ്പായാല്‍ സ്ഥാപനത്തിന്റെ സാമ്പത്തിക സ്വയംഭരണം നഷ്ടമാകുമെന്നും അധികൃതര്‍ പറയുന്നു. ഇപ്പോള്‍ ആവശ്യാനുസരണം ഫീസ് കൂട്ടാനും കുറയ്ക്കാനും സെബിക്ക് അധികാരമുണ്ട്. സര്‍ക്കാരിന് പണം കൈമാറുമ്പോള്‍ സെബി സര്‍ക്കാരിന്റെ വരുമാന സ്രോതസ്സെന്ന നിലയിലേക്ക് മാറും. ലാഭനഷ്ടങ്ങളുടെ പേരില്‍ പിന്നീട് സ്ഥാപനത്തെ ചോദ്യം ചെയ്യുന്നതിന് ഇത് വഴിയൊരുക്കും.

മാത്രമല്ല, കമ്പനികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ഉയര്‍ന്ന ഫീസ് വാങ്ങി സര്‍ക്കാരിന് നല്‍കുന്നത് അധിക നികുതിയുടെ മറ്റൊരു രൂപമാകുമെന്നും ആരോപണമുണ്ട്. കരുതല്‍ധനം കൈമാറുന്നതിലൂടെ സെബിയുടെ പ്രവര്‍ത്തന ഫണ്ടിനായി സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിനെ ആശ്രയിക്കേണ്ടിവരും. പൊതുമേഖലാ കമ്ബനികളുടെ കാര്യത്തില്‍ സര്‍ക്കാരുമായി സുദൃഢമായ ബന്ധം നിലനിര്‍ത്തുന്നതില്‍ ഇതു തടസ്സമുണ്ടാക്കും.

വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഫീസ് കുറയ്ക്കാനായില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മത്സരക്ഷമത നഷ്ടമാകുമെന്നും സെബിയിലെ ജീവനക്കാരുടെ സംഘടന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *