ന്യൂഡൽഹി:
അയോധ്യയിലെ ഭൂമി തര്‍ക്കം സംബന്ധിച്ച മദ്ധ്യസ്ഥ ചര്‍ച്ചകളുടെ അന്തിമ റിപ്പോര്‍ട്ട് ആഗസ്റ്റ് ഒന്നിനു സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും. അതിനു മുന്നോടിയായി കേസുമായി ബന്ധപ്പെട്ട രേഖകള്‍ തയാറാക്കിവയ്ക്കാനും കോടതി നിര്‍ദ്ദേശം നല്കി. ജസ്റ്റീസ് എഫ്.എം. ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ മദ്ധ്യസ്ഥസമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ചാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ നടപടി.
കേസുകള്‍ ഉടന്‍ വാദത്തിനെടുക്കണോയെന്ന് അടുത്ത മാസം 2 നു തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചു. ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാല്‍ കേസുകള്‍ വാദത്തിനെടുക്കണമെന്നു ഹര്‍ജിക്കാരിലൊരാളായ ഗോപാല്‍ സിങ് വിശാരദ് നല്‍കിയ അപേക്ഷയാണ് കോടതി പരിഗണിച്ചത്.
ശ്രീ ശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരുള്‍പ്പെട്ട മദ്ധ്യസ്ഥ സമിതിയെ കഴിഞ്ഞ മാര്‍ച്ച് 8 നാണു നിയോഗിച്ചത്. അടുത്ത മാസം 15 വരെയാണു സമിതിക്കു കോടതി അനുവദിച്ച സമയം.