Thu. Dec 19th, 2024
ചെന്നൈ:

കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ശരവണ ഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി.രാജഗോപാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ചെന്നൈയിലെ പുഴല്‍ ജയിലില്‍ നിന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജഗോപാല്‍ അവിടെ വെച്ചാണു മരണപ്പെട്ടത്.

ഇക്കഴിഞ്ഞ 9 നാണ് രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയത്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലായിരുന്നു കോടതി മുറിയിലെത്തിയിരുന്നത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം തള്ളിയ കോടതി ജയിലിലേക്കയക്കുകയായിരുന്നു. ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണു കോടതി നിര്‍ദേശിച്ചിരുന്നത്.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രിംകോടതി നിരസിച്ചതോടെയാണ് ഇദ്ദേഹം കീഴടങ്ങിയത്. വിചാരണ സമയത്ത് ഉന്നയിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ശിക്ഷാവിധിക്കു ശേഷം ചൂണ്ടിക്കാട്ടുന്നതിലെ നിയമസാധുത ചോദ്യം ചെയ്താണു സുപ്രിംകോടതി അപേക്ഷ തള്ളിയിരുന്നത്.

ഒരു ജ്യോത്സ്യന്‍റെ ഉപദേശം കേട്ട് ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ തീരുമാനിച്ചതാണ് കൊലക്കേസിലേക്കു നയിച്ച സംഭവങ്ങൾക്കു തുടക്കം. രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. ഇതോടെ രാമസ്വാമിയും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക് വിവാഹം ചെയ്തു നല്‍കി. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും ജീവജ്യോതിയെ വിട്ട് പോകാൻ ശാന്തകുമാറിനെ രാജ​ഗോപാൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഒടുവിൽ ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ​ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കൊടയ്ക്കനാലിൽവച്ചാണ് ശാന്തകുമാറിനെ രാജ​ഗോപാലും സംഘവും കൊലപ്പെടുത്തിയത്. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്ന ജ്യോത്സ്യന്‍റെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഭര്‍ത്താവിന്‍റെ കൊലപാതകത്തിന് കാരണമായവരെ പിടികൂടാന്‍ ജീവജ്യോതി നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ചെന്നൈയിലെ വിചാരണ കോടതി പത്ത് കൊല്ലം കഠിനതടവാണ് രാജഗോപാലിന് വിധിച്ചത്. പിന്നീട് 2004-ൽ മദ്രാസ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവായി ഉയര്‍ത്തി. രാജഗോപാലിന് പുറമേ മറ്റ് അഞ്ചുപേര്‍ക്കെതിരെയും കോടതി ശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ കേസിൽ രാജഗോപാലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.

എന്നാല്‍ സുപ്രീംകോടതി ശിക്ഷ ശരിവച്ചിട്ടും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജയിലില്‍ പോകുന്നത് വൈകിപ്പിക്കാന്‍ രാജഗോപാല്‍ ശ്രമിച്ചു. എന്നാല്‍ സുപ്രീം കോടതി അന്ത്യശാസന നല്‍കിയതോടെ ഏതാനും ദിവസം മുമ്പാണ് ഇയാള്‍ കീഴടങ്ങിയത്. ആംബുലന്‍സില്‍ മദ്രാസ് സെയ്ദാപേട്ട് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ ശരവണ ഭവൻ ഉടമയെ വിദഗ്ധ പരിശോധനയക്ക് ശേഷമാണ് കോടതി പുഴൽ ജയിലിലേക്ക് അയച്ചത്. അവിടെ വെച്ചാണു രാജഗോപാലിന് മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *