ആസാം :
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിന്റെ 90% ഭാഗവും വെള്ളത്തിനടിയിലായി. ഇതുവരെ കാസിരംഗ നാഷണൽ പാർക്കിൽ നാലു പേർ വെള്ളപ്പൊക്കത്തിൽ മരിച്ചു. രണ്ട് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളും ഒരു ആനയും വെള്ളപ്പാച്ചിലിൽ ഒഴുകി പോയിട്ടുണ്ട്.
ആസാം സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് 1974-ൽ രൂപീകൃതമായ കാസിരംഗ ദേശീയോദ്യാനം. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു. കടുവ, ആന, കരടി തുടങ്ങിയ മറ്റു വന്യമൃഗങ്ങളുടേയും വലിയൊരു വിഹാര കേന്ദ്രമാണ് കാസിരംഗ.
കാസിരംഗ നാഷണൽ പാർക്കിൽ കഴിഞ്ഞ വർഷങ്ങളിൽ കാണ്ടാമൃഗ വേട്ടക്കാർ സജീവമായിരുന്നു. കാണ്ടാമൃഗത്തെ വെടിവെച്ചു കൊന്നു കൊമ്പുകൾ എടുത്ത് ചൈനയിലെ കമ്പോളങ്ങളിൽ വിൽക്കുന്ന മാഫിയകൾ ഇവിടെ സജീവമാണ്. ഇതിനു തടയിടാൻ സർക്കാർ ഇരുന്നൂറോളം വേട്ട പ്രതിരോധ ക്യാമ്പുകൾ കാസിരംഗ നാഷണൽ പാർക്കിനുള്ളിൽ സജ്ജീകരിച്ചിരുന്നു. എന്നാൽ ഇവയിൽ 150 ഇൽ അധികം ക്യാമ്പുകൾ വെള്ളത്തിനടിയിൽ ആയതോടെ കാണ്ടാമൃഗങ്ങൾ വേട്ടയാടപ്പെടുമോ എന്ന ആശങ്ക സജീവമാണ്. ദ്രുതകർമ്മ സേനയും, വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കാസിരംഗ നാഷണൽ പാർക്ക് വെള്ളത്തിനടിയിലായതോടെ രക്ഷ തേടി മൃഗങ്ങൾ പൊക്കമുള്ള പ്രദേശങ്ങളിലേക്ക് പാലായനം ചെയ്യുകയാണ്. കർബി ആങ്‌ലോങ് പ്രദേശത്തേക്ക് നാഷണൽ പാർക്കിന്റെ അരികിലൂടെയുള്ള ദേശീയ പാത -37 മുറിച്ചു കടന്നു മൃഗങ്ങൾ പോകുന്നതിനാൽ തിരക്കേറിയ ദേശീയ പാതയിൽ അപകടങ്ങളും പതിവാകുന്നു. ഇതുവരെ മുപ്പതോളം മൃഗങ്ങൾ വാഹനം ഇടിച്ചു പരിക്കേൽക്കുകയും അതിൽ പത്തോളം മാനുകളും മറ്റും കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ ദേശീയ പാതയിലൂടെയുള്ള ഗതാഗതങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്. 1905-ൽ റിസർവ് ഫോറസ്ററ് ആയും 1974-ൽ ദേശീയോദ്യാനമായും 2006-ൽ ടൈഗർ റിസർവായും പ്രഖ്യാപിക്കപ്പെട്ടു. 1985-ൽ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടിയിരുന്നു.