ശ്രീഹരിക്കോട്ട:
ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് നടത്തുമെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്നം പരിഹരിച്ചതായും ഐ.എസ്.ആർ.ഒ. വൃത്തങ്ങൾ അറിയിച്ചു.
ജി.എസ്.എൽ.വി. മാർക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിലുണ്ടായ ചോർച്ചയാണ് തിങ്കളാഴ്ച രാവിലെ 2.51 നടക്കേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവയ്ക്കാൻ കാരണം. ഓരോ ടാങ്കിലും 34 ലിറ്റർ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മർദ്ദം ചോർച്ച മൂലം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്നമായത്. 2 മണിക്കൂറും 24 സെക്കന്റും ബാക്കി നിൽക്കെയാണ് കൗണ്ട് ഡൗൺ നിർത്തിയത്. കൗണ്ട് ഡൗൺ നിർത്തിയതിന് പിന്നാലെ തന്നെ പരിശോധന തുടങ്ങി പ്രശ്നം കണ്ടെത്താൻ കഴിഞ്ഞു. ഇത് പെട്ടെന്ന് പരിഹരിക്കാൻ കഴിഞ്ഞതാണ് വിക്ഷേപണം കൂടുതൽ താമസിക്കാതെ നടത്താൻ സഹായകമായത്.
ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ആകെ ചെലവ് 978 കോടി രൂപയാണ്. ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, പര്യവേക്ഷണം നടത്തുന്ന റോവർ, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാൻഡർ എന്നിവയാണ് 3850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ രണ്ടിലുള്ളത്.
ലോഞ്ച് ഓതറൈസേഷൻ ബോർഡ് ഇന്ന് യോഗം ചേർന്നിരുന്നു. ഉണ്ടായ സാങ്കേതിക തകരാറിനെ സംബന്ധിച്ച റിപ്പോർട്ടും പ്രശ്‌നം പരിഹരിച്ച ശേഷം ഉള്ള റിപ്പോർട്ടും യോഗം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിക്ഷേപണ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ചത് പൊലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേയ്‌സ് സെന്ററിൽ നിന്നാകും വിക്ഷേപണം. കൗണ്ട് ഡൌൺ ശനിയാഴ്ച ആരംഭിയ്ക്കും.
ദൗത്യം പൂർത്തിയായാൽ റഷ്യക്കും അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നാലെ നിരീക്ഷണ റോബട്ടായ റോവറിനെ വിജയകരമായി ചന്ദ്രോപരിതലത്തിലിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.