ഹേഗ്:
ചാരപ്രവർത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യക്കാരൻ കുൽഭൂഷൺ ജാധവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. 2016 മാർച്ച് 3 നാണ് ജാധവ് അറസ്റ്റിലായത്. ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നാണ് ജാധവ് പിടിയിലായതെന്നാണു പാക്കിസ്ഥാന്റെ നിലപാട് എങ്കിലും, ഇറാനിൽ ബിസിനസ് നടത്തുന്ന ജാധവിനെ അവിടെനിന്ന് തട്ടിക്കൊണ്ടുപോയതാണെന്നാണ് ഇന്ത്യ വാദിക്കുന്നത്.
ജാധവ് അറസ്റ്റിലായത് ഇന്ത്യയെ അറിയിക്കാൻ വൈകിയത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയര്‍ത്തി, ഇന്ത്യ, മെയ് മാസത്തിൽ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.
കുല്‍ഭൂഷണ്‍ ജാദവിനെ ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. നയതന്ത്രതല സഹായം കുല്‍ഭൂഷണ്‍ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യൻ വംശജനെ അറസ്റ്റുചെയ്തിട്ട് ഇന്ത്യയെ അറിയിക്കാൻ വൈകിയതും നിയമലംഘനമാണ്. രണ്ടു വര്‍ഷവും രണ്ടു മാസത്തോളവും നീണ്ട കാത്തിരിപ്പിനു ശേഷമാണ് 15 അംഗ ബെഞ്ച് കേസില്‍ ഇന്ന് വിധി പറയുന്നത്.
അന്താരാഷ്ട്ര നീതിന്യായ ദിനമായ ജൂലൈ 17 നാണ് ഈ കേസിലെ വിധി വരാനിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.