Sat. Apr 27th, 2024
ബനാസ്‌കാണ്ഠ:

 

ഗുജറാത്തിലെ ബനാസ്‌കാണ്ഠ ജില്ലയിലെ ഠാക്കോര്‍ സമുദായം അവിവാഹിതകളായ യുവതികള്‍ മൊബൈല്‍ ഫോണ്‍ കൈവശം വെക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഇതനുസരിച്ച്, ഗ്രാമത്തിലെ അവിവാഹിതരായ യുവതികൾക്ക് മൊബൈൽ കൈവശം വയ്ക്കാൻ പാടുള്ളതല്ല. സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്നവർക്ക് പിഴ ചുമത്താനും സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് പുറപ്പെടുവിച്ച തീരുമാനം നിര്‍ദ്ദേശിക്കുന്നു.

ജില്ലയിലെ 12 ഗ്രാമങ്ങളില്‍നിന്നുള്ള മുഖ്യന്മാര്‍ ജൂലൈ 14 നു ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. എല്ലാവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. പെൺകുട്ടികളുടെ പഠിപ്പിൽ മൊബൈൽ ഫോൺ വിഘ്നം സൃഷ്ടിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിനൊരുങ്ങിയത്.

പെൺകുട്ടികൾക്ക് നന്നായി പഠിക്കാനായി അവർക്ക് ലാപ്ടോപ്പും, ടാബ്‌ലറ്റും നൽകും. ആരുടെയെങ്കിലും കുട്ടികൾ അന്യജാതിയിൽ നിന്നു വിവാഹം കഴിച്ചാൽ, മാതാപിതാക്കളിൽ നിന്നും ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം പെണ്‍കുട്ടികളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കാനുള്ള നീക്കത്തില്‍ തെറ്റൊന്നുമില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ. ഗാനിബെന്‍ ഠാക്കോര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ഇതിൽനിന്നൊക്കെ ദൂരം പാലിക്കണമെന്നും കൂടുതല്‍ സമയം പഠനത്തിനു വേണ്ടി ചിലവഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.എൽ.എ. അൽ‌പേഷ് താക്കൂറും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാൽ, പെൺകുട്ടികൾക്കുമാത്രമല്ല, ആൺകുട്ടികൾക്കു കൂടെ ഈ നിയമം ബാധകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *