കൊല്ലം:
കൊല്ലം അഞ്ചലിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ.
ജീവപര്യന്തത്തിന് പുറമെ 26 വർഷം തടവും മൂന്നുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയോടുക്കാനും കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ചു.സ്‌കൂളിലേക്ക് പോയ കുട്ടിയെ മാതൃസഹോദരീ ഭർത്താവായ രാജേഷ് കുളത്തൂപ്പുഴയിലെ എസ്റ്റേറ്റിലെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു
കുട്ടിയുടെ മാതൃസഹോദരീ ഭർത്താവായ പ്രതി രാജേഷ് സമാനതകളില്ലാത്ത കുറ്റമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രതിയുടെ പ്രായം പരിഗണിച്ച് മാത്രം വധശിക്ഷ ഒഴിവാക്കി.എന്നാൽ ജീവപര്യന്തവും ഇതിനുപുറമേയുള്ള 26 വർഷം തടവും പ്രത്യേകം അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പറയുന്നു..പ്രതിക്ക് ലഭിച്ച ശിക്ഷയിൽ സന്തോഷമുണ്ടെന്ന് കുട്ടിയുടെ കുടുംബം പ്രതികരിച്ചു.
2017 സെപ്റ്റംബർ 27നായിരുന്നു കേസിനാസ്പദമായ സംഭവം. മുത്തശ്ശിക്കൊപ്പം സ്‌കൂളിലേക്ക് പോയ കുട്ടിയെ കുളത്തൂപ്പുഴയിലെ ആർപിഎൽ എസ്റ്റേറ്റിലെത്തിച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചു.
ഇത് വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് കുട്ടിയെ രാജേഷ് കൊലപ്പെടുത്തിയത്.കുട്ടിയുടെ മാതൃസഹോദരി അവരുടെ കുഞ്ഞുമായി ട്യൂഷന്‍ സെന്ററില്‍ എത്തിയപ്പോഴാണു കുട്ടി എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് രാജേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ബന്ധുക്കളും നാട്ടുകാരും പകലും രാത്രിയും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അടുത്ത ദിവസം രാവിലെ ആര്‍.പി.എല്‍ എസ്റ്റേറ്റ് തൊഴിലാളികളാണു മൃതദേഹം കണ്ടത്. തുടര്‍ന്നു നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഏരൂര്‍ ജംഗ്ഷനിലെ കടയിലെ സി.സി.ടി.വിയില്‍ ഇയാള്‍ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതു കേസില്‍ നിര്‍ണായക തെളിവായി.