#ദിനസരികള്‍ 820
കാടിനോട് അത്രമേല്‍ ഇഷ്ടമുള്ളതുകൊണ്ടായിരിക്കണം ഞാന്‍ ഇടക്കിടയ്ക്ക് എന്‍. എ. നസീറിന്റെ എഴുത്തുകളിലേക്ക് ചെന്നു കയറുന്നത്. നസീര്‍ വന്യതയുടെ മഹാപ്രവാഹങ്ങളെ സൃഷ്ടിച്ചുവെച്ചിരിക്കുന്നു, ഞാനാകട്ടെ ആ പ്രവാഹത്തിലേക്ക് ചെന്നു വീണ് സ്വയം മറന്നു ഒഴുകിത്തൊടുങ്ങുന്നു , എവിടേക്കെന്നില്ലാതെ. കാടിന്റെ ഓരോ തരികളുടേയും സ്പന്ദനങ്ങളെ അറിഞ്ഞ്, എന്നാല്‍ അവയെ ഒട്ടുംതന്നെ അലോസരപ്പെടുത്താതെയുള്ള ഈ ഒഴുക്കിനെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു.
കാടിലേക്ക് ചെന്നു കയറുന്നവന്‍ തന്റെ അഹങ്കാരങ്ങളെ അഴിച്ചു വെക്കേണ്ടതാകുന്നു. നേര്‍രേഖയില്‍ സഞ്ചരിക്കുന്ന വനനിയമങ്ങള്‍ക്കു മുന്നില്‍ നിങ്ങളുടെ കൊമ്പുകള്‍ക്ക് വേണ്ടത്ര മൂര്‍ച്ച ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ശാന്തനായി, തഴുകിത്തലോടിക്കടന്നു പോകുന്ന ഒരു ഇളംകാറ്റിനെപ്പോലെ ഒന്നിനോടും ഒട്ടിപ്പിടിക്കാതെ എന്നാല്‍ എല്ലാത്തിനേയും തന്റെ ആത്മാവിനോളം സ്വീകരിച്ചുകൊണ്ട് കടന്നു പോകുക. കാട് ഒരു വിസ്മയമാകുന്നത് നമുക്ക് അനുഭവിച്ചറിയാം.
എന്നാല്‍ ഇക്കാലങ്ങളില്‍ നാം കാടിനെ വേണ്ടത്ര അറിയുന്നില്ല. ഒരു നഗരത്തേയും കെട്ടിവലിച്ചുകൊണ്ടാണ് നാം കാടു കാണാനും അറിയാനും ഇറങ്ങുന്നത്. നമ്മെ കാണുന്ന മാത്രയില്‍ കാട് എങ്ങോട്ടോ ഓടിയൊളിച്ചിട്ടുണ്ടാകും. പിന്നെ കാണുന്നത് കുറേ മരക്കൂട്ടങ്ങളേയും ചെടിത്തലപ്പുകളേയും നിറഭേദങ്ങളേയും പുല്‍ത്തകിടികളേയുമൊക്കെയാണ്. കൂട്ടത്തില്‍ വല്ലപ്പോഴും മായാമാരീചനായി കുതികുതിക്കുന്ന ഒരു മാന്‍പേടയേയോ ഒരു കുറ്റിക്കാട്ടില്‍ നിന്നും മറ്റൊന്നിലേക്ക് തെറിച്ചു വീഴുന്ന മുയല്‍ക്കുഞ്ഞിനേയോ ഇളംമുളകള്‍ നല്കുന്ന മധുരത്തെക്കുറിച്ചുള്ള കിനാവുകള്‍ അടക്കാനാകാതെ അതുതേടിയിറങ്ങിയ കാട്ടാനകളേയോ കണ്ടേക്കാം. അതോടെ നാം അവസാനിപ്പിക്കുന്നു. കാടിനെ കണ്ട തൃപ്തിയില്‍ ഉത്സാഹം കൊള്ളുന്നു, ആര്‍പ്പു വിളിക്കുന്നു, തിരിച്ചിറങ്ങുന്നു. എന്നാല്‍ കാട് നമ്മില്‍ നിന്നും എത്രയോ അകലെയായിരുന്നുവെന്ന് തിരിച്ചറിഞ്ഞു കഴിയുമ്പോഴേക്കും പിന്നീടൊരു കയറ്റത്തിന് കഴിയാത്ത വിധം നാം തരിശായിക്കഴിഞ്ഞിരിക്കും. അതുകൊണ്ട് കാടിനെ കാണാനും അറിയാനുമല്ല , അനുഭവിക്കാനാണ് കാട്ടിലേക്ക് പോകേണ്ടത്.
നസീര്‍ ഇത്തരത്തിലുള്ള അനുഭവത്തിലേക്കാണ് നമ്മെ ആനയിക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ ഒരു തരം ആത്മീയ വാദിയുടെ സ്വയംമറന്നുപോകുന്ന സ്വഭാവം നസീറിനെ തൊട്ടുതീണ്ടാറുണ്ടെങ്കിലും കാടിനോടുള്ള സ്നേഹമാണല്ലോ എന്നു കരുതി അനുവദിച്ചുകൊടുക്കുക.കാരണം നമ്മില്‍ നിന്നും ഏറെ മുറിവുകളേറ്റു വാങ്ങിയ ഒരു ജീവിയാണ് കാട്. ഇനിയും മുറിപ്പെടുത്താതിരിക്കുക എന്ന ജാഗ്രത , ഇത്തിരി കൂടിയാലും സമ്മതിച്ചുകൊടുത്തേക്കുക. “ഒരു കാര്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ.കാടിന്റെ ധര്‍മ്മത്തിന് കാടുതന്നെ വേണം. മറ്റൊന്നും പകരം വെക്കുവാനില്ല.തുറന്നുപോയ ഭൂമി കോണ്‍ക്രീറ്റ് വെച്ച് അടയ്ക്കുവാനാണ് നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതിനൊരു പേരും നല്കി, വികസനം.
ഹരിത ഇടങ്ങളൊക്കെ പവിത്രതയോടെ കാത്തുസൂക്ഷിക്കേണ്ടുന്ന നമ്മള്‍ അതിനു ചുറ്റും അകത്തളങ്ങളിലും കോണ്‍ക്രീറ്റു ചെയ്ത് സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നു. വികലമായ ഇത്തരം കോണ്‍ക്രീറ്റു സ്വപ്നങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.കാടിന്റെ ഈര്‍പ്പം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഓരോ വര്‍ഷവും നിത്യഹരിതങ്ങളില്‍പ്പോലും ഇലപൊഴിയും കാടുകളിലെ ജന്തുസസ്യജാലങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ വിപത്ത് തിരിച്ചറിയാതെയാണിപ്പോഴും നമ്മള്‍ മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്” എന്ന് നസീര്‍ എഴുതുന്നത് കാട് ഇനിയും ഉപദ്രവിക്കപ്പെടരുത് എന്ന ബോധ്യത്തില്‍ നിന്നുകൊണ്ടാണ്.
അതുകൊണ്ട് ഇടവേളകളെ യാന്ത്രികമായി ആഘോഷിക്കുന്നവര്‍ കാടുകളിലേക്ക് പോകാതിരിക്കുക.കാടുകളുടെ സ്വാസ്ഥ്യങ്ങളില്‍ നിങ്ങളുടെ ചിലമ്പിച്ച ഒച്ചകളും രുചിക്കൂട്ടുകളും ചെന്നു വീണ് തുരുമ്പുകളുണ്ടാക്കാതിരിക്കാനുള്ള കാരുണ്യമെങ്കിലും കാണിക്കുക.
കാട്ടിലേക്ക് പോകുന്നവന് എന്തെങ്കിലും കൂടെ കരുതണമെങ്കില്‍ കവി സച്ചിദാനന്ദന്റെ മണികര്‍ണ്ണികയിലെ ചുടലക്കാരന്‍ സൌന്ദര്യത്തെ വിലയിരുത്തുന്നു എന്ന കവിത കൈയ്യില്‍ വെക്കുക. അഹങ്കാരത്തിന്റെ വേലിയേറ്റങ്ങള്‍ ഞാന്‍ ഞാന്‍ എന്ന് കുതിച്ചു കയറുമ്പോള്‍ വലിച്ചു പിടിച്ച് അടക്കി നിറുത്തുവാന്‍ ഈ കവിത പോരുമെന്ന് ഞാന്‍ കരുതുന്നു.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.