ദുബായ്:
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് വിമാനത്താവളത്തിൽ ഇനി സൗരോര്‍ജ പ്രകാശം. ഇതിനായി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ 15,000 സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. പരിസ്ഥിതി സൗഹൃദ മുന്നേറ്റത്തിനുപരി ഈ പദ്ധതികൊണ്ട് പ്രതിവർഷം 33 ലക്ഷം ദിർഹമാണ് ലാഭിക്കാൻ പോകുന്നത്.
ദുബായ് എയര്‍പോര്‍ട്‌സും ദീവക്ക് കീഴിലുള്ള ഇത്തിഹാദ് എനര്‍ജി സര്‍വീസസ് കമ്ബനിയും ചേര്‍ന്നാണ് പുതിയ സംരംഭത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. അഞ്ചു മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ് പദ്ധതി വര്‍ഷത്തില്‍ 7,483,500 കിലോ വാട്ട് ഊര്‍ജം ഉത്പാദിപ്പിക്കും. ഇതോടെ ടെര്‍മിനല്‍ രണ്ടിലെ നിലവിലെ വൈദ്യുതി ഉപഭോഗം ഏതാണ്ട് 29 ശതമാനം വരെ കുറയും. പ്രതിവര്‍ഷം 3,243 മെട്രിക് ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനവും പദ്ധതി തടയും.
ശുദ്ധസ്രോതസ്സുകളില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള ദീവയുടെ പദ്ധതികളിലെ ഏറ്റവും പ്രധാനപ്പെട്ട ശാംസ് ദുബായ് പദ്ധതിയുടെ ഭാഗമായാണ് വിമാനത്താവളത്തില്‍ സൗരോര്‍ജം പാനലുകള്‍ സ്ഥാപിച്ചത്. പദ്ധതി പൂര്‍ത്തിയായാല്‍ പാനലുകളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള മേല്‍നോട്ടം അടുത്ത ഏഴ് വര്‍ഷത്തേക്ക് ഇത്തിഹാദ് എനെര്‍ജി സര്‍വീസസ് കമ്ബനിയുടെ ഉത്തരവാദിത്വമാണ്.
“പരിസ്ഥിതി സൗഹൃദപരമായ നിരവധി സംരംഭങ്ങള്‍ ദുബായ് വിമാനത്താവളം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ ഭാഗമായ ഇത്തരം പദ്ധതികള്‍ പ്രവര്‍ത്തനക്ഷമത കൂട്ടുമെന്ന് മാത്രമല്ല ചെലവ് കുറക്കാനും സഹായമായിട്ടുണ്ട്” ദുബായ് എയര്‍പോര്‍ട്‌സ് സാങ്കേതിക വിഭാഗം മേധാവി മൈക്കല്‍ ഇബിട്‌സണ്‍ പറഞ്ഞു.