ലോർഡ്‌സ് :
ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിൽ നടന്ന ത്രസിപ്പിക്കുന്ന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ലോകകപ്പ് കന്നി കിരീടം. ത്രില്ലർ മത്സരത്തിൽ ബൗണ്ടറികളുടെ എണ്ണ കണക്കിലാണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്. ന്യൂസിലൻഡ് ഉയർത്തിയ 242 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് പുറത്തായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ട്രെന്റ് ബോൾട്ടിന്റെ ഓവറിൽ 15 റൺസാണ് നേടിയത്. കിരീടത്തിലേക്ക് 16 റൺസിന്റെ മാത്രം ദൂരവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസും ആകെയുള്ള ഒരോവറിൽ 15 റൺസ് നേടിയതോടെയാണ് ബൗണ്ടറികളുടെ എണ്ണക്കണക്കിൽ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ലോകകിരീടം ആദ്യമായെത്തുന്നത്.
ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഫൈനൽ സൂപ്പർഓവറിലേക്ക് നീളുന്നത്. ഒടുവിൽ അത് സൂപ്പർ ഓവറും കടന്ന് ബൗണ്ടറികളുടെ എണ്ണക്കണക്കിലേക്കും എത്തപ്പെട്ടു. 50 ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 12 ഫോറും രണ്ട് സിക്സുമാണ് നേടിയത്. അതേസമയം രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 22 ഫോറും രണ്ട് സിക്സുമാണ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 8 വിക്കറ്റ് നഷ്റ്റത്തിൽ 241 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് അത്ര തന്നെ റൺസിന് ഇന്നിംഗ്സിലെ അവസാന പന്തിൽ ഓൾ ഔട്ടായി. 84 റൺസെടുത്ത് പുറത്താവാതെ നിന്ന ബെൻ സ്റ്റോക്സാണ് ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ടിന് ലോകകിരീടം സമാനിച്ചത്.
അർദ്ധസെഞ്ചുറിയടിച്ച ജോസ് ബട്‌ലറും ഇംഗ്ലണ്ട് വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. ഇരുവരും ചേർന്ന 110 റൺസിൻ്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിൽ നിർണ്ണായകമായത്. ന്യൂസിലൻഡിനായി ലോക്കി ഫെർഗൂസൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബട്‌ലര്‍ 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സ്റ്റോക്‌സ് 84 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ അവസാന പന്തില്‍ ഇംഗ്ലണ്ടിന്‍റെ അവസാന വിക്കറ്റ് വീണതോടെ കളി സമനിലയില്‍. സ്‌കോര്‍: 241-10 (50.0)
സൂപ്പര്‍ ഓവറും 15 റൺ വീതമെടുത്ത് രണ്ടു ടീമും സമനിലയിലായപ്പോള്‍ ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ട് കിരീടമുയര്‍ത്തുകയായിരുന്നു.