Sat. Apr 20th, 2024
തിരുവനന്തപുരം:

അന്തരിച്ച ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന് മരണാനന്തര ബഹുമതി ആയെങ്കിലും ജെ. സി. ദാനിയേല്‍ പുരസ്‌കാരം നല്‍കണമെന്ന് സംവിധായകന്‍ ഡോ. ബിജു ആവശ്യപ്പെട്ടു. മുപ്പതു വർഷത്തോളം മലയാള സിനിമയുടെ യശസ്സ് ലോകമെങ്ങും അറിയിച്ചത് ഇദ്ദേഹമായിരുന്നു. അതിനാൽ ഈ പുരസ്കാരത്തിന് ഏറ്റവും അനുയോജ്യനും ഇദ്ദേഹമാണ്.
.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

എപ്പോഴും കൂടെ നടന്നിരുന്ന ഒരാൾ ..
ഒന്ന് തിരിഞ്ഞു നോക്കുമ്പോഴേക്കും കൂടെയില്ല ….ഒരു നിമിഷം കൊണ്ട് ഒപ്പം നിന്ന ഫ്രയിമിൽ നിന്നും അപ്രത്യക്ഷനായി …
ഒൻപത് സിനിമകൾ ആണ് ഒന്നിച്ചു ചെയ്തത് ..
ഇനി ചെയ്യാനുള്ള സിനിമകൾ ഒന്നിച്ചാണ് സ്വപ്‌നം കണ്ടിരുന്നത് . പൂർത്തിയാക്കിയ രണ്ടു തിരക്കഥകൾ,
എഴുതി കൊണ്ടിരിക്കുന്ന ഒരെണ്ണം.
എഴുതാൻ ആലോചിച്ചു വെച്ചിരിക്കുന്ന രണ്ടു കഥകൾ ..
എല്ലാം അറിയാവുന്ന ഒരാൾ ആ സിനിമകൾ ഒക്കെ ബാക്കി വെച്ച് പെട്ടന്ന് ഒപ്പമുള്ള ഈ നടത്തവും ചിരിയും നിർത്തി പിൻവാങ്ങിയത് ഉൾക്കൊള്ളാനായിട്ടില്ല ഇപ്പോഴും.
എം.ജെ ചേട്ടൻ എനിക്ക് എനിക്ക് ഒരു ക്യാമറാമാൻ മാത്രമല്ല. ഏറ്റവും അടുത്ത സുഹൃത്തും ജ്യേഷ്ഠ സഹോദരനും കൂടിയാണ്. വ്യക്തിപരമായ ഓർമ്മകൾ ഒട്ടേറെ ഉണ്ട് അതൊന്നും എഴുതാനുള്ള മാനസികാവസ്ഥയിൽ അല്ല ഇപ്പോൾ. അത് പിന്നീട് വിശദമായി എഴുതാം . . എം. ജെ . ചേട്ടൻ 75 സിനിമകൾ ആണ് ചെയ്തത് എന്നാണ് മിക്ക വാർത്തകളിലും കണ്ടത്. അത് തെറ്റാണ്. ഞങ്ങൾ ഒരുമിച്ചു 2012 ൽ ചെയ്ത ആകാശത്തിന്റെ നിറം എം .ജെ . ചേട്ടൻ ചെയ്ത എഴുപത്തി അഞ്ചാമത്തെ ചിത്രം ആയിരുന്നു. 2017 ൽ ഞങ്ങൾ ഒന്നിച്ചു ചെയ്ത സൗണ്ട് ഓഫ് സൈലൻസ് എം.ജെ. ചേട്ടൻറ്റെ നൂറാമത്തെ ചിത്രം ആയിരുന്നു. ആ ചിത്രത്തിന് മറ്റൊരു പ്രേത്യേകത കൂടി ഉണ്ട്. എം.ജെ. ചേട്ടൻറ്റെ മകൻ യദു രാധാകൃഷ്ണൻ ആദ്യമായി ഛായാഗ്രഹണ സഹായി ആകുന്നതും, എന്റെ മകൻ ഗോവർദ്ധൻ നായകനായി അഭിനയിക്കുന്നതും ആ സിനിമയിൽ ആയിരുന്നു. അതിനു ശേഷം രണ്ടു വർഷങ്ങൾ കൂടി പിന്നിട്ടു, പെയിൻറ്റിങ് ലൈഫും വെയിൽ മരങ്ങളും ഉൾപ്പെടെ പത്തിലധികം സിനിമകൾ കൂടി എം ജെ ചേട്ടൻ ചെയ്തിട്ടുണ്ടാകണം. ഏതായാലും നൂറ്റിപ്പത്തോളം സിനിമകൾ ആണ് അദ്ദേഹം ചെയ്തിട്ടുള്ളത്. 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ. ഏറ്റവും കൂടുതൽ സംസ്ഥാന പുരസ്കാരങ്ങൾ നേടിയതിൽ മങ്കട രവിവർമ്മയ്ക്ക് ഒപ്പം. മങ്കട രവിവർമ്മയുടെ പുരസ്കാരങ്ങൾ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ഉൾപ്പെടെ ആണ്.

ആ രീതിയിൽ നോക്കിയാൽ മലയാള സിനിമ കളർ ആയതിനു ശേഷം ഏറ്റവും കൂടുതൽ സംസ്ഥാന പുരസ്കാരങ്ങൾ കിട്ടിയത് എം.ജെ. രാധാകൃഷ്ണന് തന്നെയാണ്. അന്താരാഷ്ട്ര പുരസ്‌കാരങ്ങളുടെ കാര്യത്തിൽ ഒരുപക്ഷെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ എം.ജെ. രാധാകൃഷ്ണന് ആയിരിക്കണം. 6 അന്താരാഷ്‌ട്ര പുരസ്കാരങ്ങൾ . 2008 ൽ ബയോസ്കോപ് എന്ന ചിത്രത്തിന് ന്യൂ യോർക്കിലെ സൗത്ത് ഏഷ്യൻ ചലച്ചിത്രമേളയിൽ മികച്ച ഛായാഗ്രാഹകൻ, 2011 ൽ വീട്ടിലേക്കുള്ള വഴിക്ക് സാൻസിബാർ ചലച്ചിത്ര മേളയിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം, 2013 ൽ പപ്പിലിയോ ബുദ്ധയ്ക്ക് മെക്സിക്കോയിലെ ഓക്‌സാകാ ചലച്ചിത്ര മേളയിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം, 2015 ൽ പേരറിയാത്തവർക്ക് റഷ്യയിലെ കസാൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ആസ്ട്രേലിയയിലെ ക്യൂൻസ് ഇന്ത്യൻ ഇൻറ്റർനാഷണൽ ചലച്ചിത്ര മേളയിൽ 2016 ൽ വലിയ ചിറകുള്ള പക്ഷികൾക്കും, 2017 ൽ സൗണ്ട് ഓഫ് സൈലൻസിനും മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം. 2019 ൽ ഷാങ്‌ഹായ്‌ ചലച്ചിത്ര മേളയിൽ ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നഷ്ടപ്പെട്ടത് തല നാരിഴയ്‌ക്കാണ്‌. പുരസ്കാരം കിട്ടാൻ ഏറെ സാധ്യത ഉണ്ട് എന്ന് തോന്നിയതിനാൽ ഷാങ്‌ഹായ്‌ ചലച്ചിത്ര മേള എം .ജെ .ചേട്ടനോട് മേള തുടങ്ങിയപ്പോൾ തന്നെ വിസ എടുത്തു വെക്കുവാൻ ആവശ്യപ്പെട്ടിരുന്നു. ജൂറി തീരുമാനം ആയാലുടൻ പുരസ്കാരം ഉണ്ടെങ്കിൽ അത് നേരിട്ട് സ്വീകരിക്കാൻ മേളയുടെ സമാപന ദിവസം എത്തുന്ന തരത്തിൽ ഫ്‌ളൈറ്റ് വരെ മുൻകൂട്ടി താൽക്കാലിക റിസർവേഷൻ ചെയ്തിരുന്നു ഷാങ്‌ഹായ്‌ മേളയുടെ ഗസ്റ്റ് റിലേഷൻ ഡിപ്പാർട്ട്മെന്റ്റ്. വെയിൽമരങ്ങളിലൂടെ എം ജെ ചേട്ടനും സ്പ്രിങ് ടൈഡ് എന്ന ചൈനീസ് സിനിമയുടെ ഛായാഗ്രാഹകനും തമ്മിലുള്ള മത്സരത്തിനൊടുവിൽ ചൈനീസ് ക്യാമറാമാന് പുരസ്കാരം ലഭിക്കുക ആയിരുന്നു. ജൂറി ചെയർമാൻ നൂറി ബിൽഗേ സെയ്‌ലാൻ വെയിൽമരങ്ങളുടെ ഛായാഗ്രഹണത്തെ പറ്റി ഏറെ പ്രശംസിച്ചു സംസാരിക്കുകയും ഉണ്ടായി.

എം. ജെ. ചേട്ടൻ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള സിനിമകൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ എല്ലാം തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ മറ്റൊരു ഛായാഗ്രാഹകനും ഈ നേട്ടം ലഭിച്ചിട്ടില്ല. കാൻസ്, ബെർലിൻ, ഷാങ്‌ഹായ്‌, കാർലോ വിവാരി, ടോറോണ്ടോ, മോണ്ട്രിയൽ, കെയ്‌റോ, താലിൻ, ടോക്കിയോ, തുടങ്ങി ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളിൽ എം ജെ ചേട്ടൻ ഛായാഗ്രഹണം ചെയ്ത സിനിമകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കാൻസിൽ മരണ സിംഹാസനത്തിനും, ബെർലിനിൽ ഒറ്റാലിനും, ഷാങ്ഹായിയിൽ വെയിൽമരങ്ങൾക്കും, എഡിൻബർഗ് ചലച്ചിത്ര മേളയിൽ സമ്മോഹനത്തിനും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കാർലോ വിവാരി ചലച്ചിത്ര മേളയിൽ ദേശാടനത്തിനു പ്രേത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. എം ജെ രാധാകൃഷ്ണൻ ഛായാഗ്രാഹകനായ ഒട്ടേറെ സിനിമകൾക്ക് ദേശീയ പുരസ്കാരങ്ങളും ഇന്ത്യൻ പനോരമ സെലക്ഷനും ലഭിച്ചിട്ടുണ്ട്. ഒരു പക്ഷെ ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരങ്ങളും ഇന്ത്യൻ പനോരമ സെലക്ഷനും ലഭിച്ചിട്ടുള്ള ചിത്രങ്ങളുടെ ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണൻ തന്നെ ആകണം. ദേശാടനം, കരുണം, ഏകാന്തം, തിരക്കഥ, വീട്ടിലേക്കുള്ള വഴി, തനിച്ചല്ല ഞാൻ, പേരറിയാത്തവർ, വലിയ ചിറകുള്ള പക്ഷികൾ, ഒറ്റാൽ തുടങ്ങി ഛായാഗ്രഹണം നിർവഹിച്ച, പതിനഞ്ചിലധികം ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങൾ. ഛായാഗ്രഹണം നിർവഹിച്ച ഇരുപത്തി അഞ്ചിലധികം ചിത്രങ്ങൾക്ക് ഇന്ത്യൻ പനോരമ സെലക്ഷൻ (2016 ൽ ആണെന്ന് തോന്നുന്നു എം.ജെ . ചേട്ടൻ ക്യാമറ കൈകാര്യം ചെയ്ത 7 മലയാള സിനിമകൾ ആണ് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ വിവിധ വിഭാഗങ്ങളിൽ ആയി പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്തത്. അതിനു മുൻപോ പിൻപോ ഒരു മലയാള ചലച്ചിത്ര പ്രവർത്തകനും അത്തരം ഒരു അംഗീകാരം ലഭിച്ചിട്ടില്ല ) .. ദേശീയ പുരസ്കാരം ഒട്ടേറെ തവണ കപ്പിനും ചുണ്ടിനുമിടയിൽ ആണ് അദ്ദേഹത്തിന് ലഭ്യമാകാതെ പോയത്. ഏതാണ്ട് അഞ്ചിലേറെ തവണ ദേശീയ പുരസ്കാരത്തിന്റ്റെ അവസാന രണ്ടിലുള്ള പരിഗണനയിൽ എത്തുകയും പക്ഷെ ദൗർഭാഗ്യവശാൽ പുരസ്കാരം ലഭ്യമാകാതെ വരികയും ചെയ്തു.

ഒരുപക്ഷെ അദ്ദേഹം ചെയ്തു വെച്ച സിനിമകൾ ഇനിയുമുണ്ട് അടുത്ത വർഷവും അദ്ദേഹത്തിന് അവസരം ഉണ്ടെന്നത് ഏറെ പ്രത്യാശ നൽകുന്നു .. മറ്റൊരു വലിയ പ്രത്യേകത പിന്നീട് പ്രശസ്തരായവരും അല്ലാത്തവരുമായ ഒട്ടേറെ സംവിധായകരുടെ ആദ്യ സിനിമയുടെ ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണൻ ആയിരുന്നു. ഏതാണ്ട് മുപ്പതിലധികം സംവിധായകരുടെ ആദ്യ സിനിമയ്ക്ക് പിന്നിൽ ക്യാമറ ചലിപ്പിച്ചത് എം . ജെ ആണ്. അതിൽ പലതും ദേശീയവും അന്തർദേശീയവും ആയി ശ്രദ്ധിക്കപ്പെട്ട സിനിമകൾ. എൻറെ ആദ്യ ചിത്രം സൈറ, മധു കൈതപ്രത്തിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം കിട്ടിയ ഏകാന്തം, മുരളി നായർക്ക് കാൻസ് ചലച്ചിത്ര മേളയിൽ പുരസ്കാരം കിട്ടിയ മരണ സിംഹാസനം എന്നിവ ഒക്കെ ഇതിൽ പെടും . മലയാളത്തിലെ മാസ്റ്റർ സംവിധായകരോടൊപ്പം എല്ലാം തന്നെ പ്രവർത്തിച്ചിട്ടുള്ള ഒരേ ഒരു ക്യാമറാമാൻ എം ജെ രാധാകൃഷ്ണൻ ആയിരിക്കണം. അരവിന്ദനൊപ്പം സ്റ്റിൽ ഫോട്ടോഗ്രാഫി, അടൂർ ഗോപാലകൃഷ്ണനൊപ്പം മൂന്ന് ഫീച്ചർ സിനിമകൾ (പിന്നെയും, നാല് പെണ്ണുങ്ങൾ, ഒരു പെണ്ണും രണ്ടാണും) നിരവധി ഡോക്യുമെന്റ്ററികൾ, ഷാജി എൻ കാരുണിനൊപ്പം ഓൾ എന്ന ഏറ്റവും പുതിയ സിനിമ, ടി . വി . ചന്ദ്രനൊപ്പം രണ്ടു സിനിമകൾ (വിലാപങ്ങൾക്കപ്പുറം ,മോഹവലയം ) ,..

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഛായാഗ്രാഹകൻ ആണ് എം.ജെ. രാധാകൃഷ്ണൻ . സിനിമയുടെ ബദൽ സംസ്കാരത്തിന്. കലാപരവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങൾക്ക്, പരീക്ഷണ സിനിമകൾക്ക്, നവ സംവിധായകർക്ക് ഒക്കെ ഇത്രയേറെ ധൈര്യം നൽകിയിരുന്ന മറ്റൊരു ചലച്ചിത്ര പ്രവർത്തകൻ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കുന്നു. സിനിമ പണാധിപത്യത്തിലും താരത്തിളക്കത്തിലും മുങ്ങിപ്പോയ ഒരു കാലത്ത് എപ്പോഴും അർത്ഥ പൂർണ്ണമായ സിനിമകൾക്കൊപ്പം മാത്രം നില നിൽക്കുകയും . നിലപാടുകളിലും രാഷ്ട്രീയത്തിലും വിട്ടുവീഴ്ചകൾ ചെയ്യാതിരിക്കുകയും ചെയ്ത ഒരു കലാകാരൻ ആയിരുന്നു എം.ജെ. പണം കൊണ്ടുണ്ടാക്കുന്ന കൃത്രിമ സാങ്കേതികതയുടെ ആർഭാടം അല്ല സിനിമ മറിച്ചു പ്രതിഭയുടെ ശ്രദ്ധാപൂർണ്ണമായ ഉപയോഗം ആണ് എന്ന് നിശബ്ദമായി സൗമ്യമായി ഒരു കാലഘട്ടത്തിനു മുന്നിൽ തെളിയിച്ചു കൊടുത്ത ജീവിതമായിരുന്നു എം.ജെ. ഒരിക്കലും പണത്തിനു പിന്നാലെ സഞ്ചരിച്ചിട്ടേ ഇല്ലാത്ത കലാകാരൻ. എല്ലാ വിധ സെൽഫ് പ്രൊമോഷനുകളിൽ നിന്നും വഴിമാറി നടന്നിരുന്ന ഒരാൾ. സൗമ്യനായി ആർക്കും ഇപ്പോഴും സംസാരിക്കാവുന്ന ഒരാൾ. ആ ജീവിതവും ഒരു തൂവൽ കൊഴിഞ്ഞു പോകുന്നത് പോലെ തീർത്തും ലളിതമായി അപ്രതീക്ഷിതമായി കാറ്റിൽ പതിയെ പറന്നു പോയി.. ബാക്കിയാവുന്നത് അദ്ദേഹം നമുക്ക് സമ്മാനിച്ച മാജിക്കൽ ഫ്രയിമുകൾ മാത്രം . അദ്ദേഹം പൂർത്തിയാക്കി വെച്ച ഏതാനും സിനിമകൾ കൂടി ഉണ്ട്. പെയിന്റ്റിങ് ലൈഫും വെയിൽ മരങ്ങളും ഉൾപ്പെടെ ഏതാനും ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. ആ ദൃശ്യങ്ങളുടെ പ്രതിഭാ സ്പർശം നമുക്ക് മുൻപിൽ അദ്ദേഹത്തിന്റ്റെ അഭാവത്തിലും മരിക്കുന്നില്ല ….

മലയാളത്തിൽ ഇത്രയേറെ സംസ്ഥാന, ദേശീയ, അന്തർ ദേശീയ പ്രസിദ്ധമായ സിനിമകളിൽ ഭാഗമായ മറ്റൊരു സാങ്കേതിക പ്രവർത്തകനും ഇല്ല. ഏഴു സംസ്ഥാന പുരസ്കാരങ്ങൾ…ആറ് അന്തർ ദേശീയ പുരസ്കാരങ്ങൾ. നൂറിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ, ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങളിൽ പലതും ലോകത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളിൽ എല്ലാം പ്രദർശിപ്പിച്ചു. പ്രവർത്തിച്ച സിനിമകളിൽ പത്തിലേറെ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങൾ, ഇരുപത്തി അഞ്ചിലധികം ചിത്രങ്ങൾക്ക് ഇന്ത്യൻ പനോരമ സെലക്ഷൻ, മലയാള സിനിമയിൽ മുപ്പതിൽപരം പുതുമുഖ സംവിധായകരെ സംഭാവന ചെയ്യുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. കലാമൂല്യവും സംസ്കാര പൂർണ്ണവുമായ മലയാള സിനിമയുടെ കൊടിക്കൂറ ലോകമെമ്പാടും മൂന്ന് പതിറ്റാണ്ടിലേറെ ഉയർത്തിപ്പിടിച്ചതിൽ എം.ജെ. രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകനുള്ള പങ്ക് വളരെ വലുതാണ്. അത് ചരിത്രത്തിൽ എന്നെന്നും രേഖപ്പെടുത്തപ്പെട്ടതാണ്.

ആ സിനിമകൾ എന്നെന്നും ലോകമെമ്പാടും മലയാള സിനിമയെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കും മലയാള സിനിമ മുൻപ് തന്നെ ജെ സി ദാനിയേൽ പുരസ്കാരം നൽകി ആദരിക്കേണ്ട വ്യക്തിത്വം ആയിരുന്നു എം. ജെ. രാധാകൃഷ്ണൻ . ജെ സി ദാനിയേൽ പുരസ്കാരത്തിന്റ്റെ 28 വർഷത്തെ ചരിത്രത്തിൽ മങ്കട രവിവർമയ്ക്ക് മാത്രമാണ് ഛായാഗ്രാഹകന്മാരുടെ കൂട്ടത്തിൽ നിന്നും ഈ പുരസ്കാരം കിട്ടിയിട്ടുള്ളത് . എം.ജെ. രാധാകൃഷ്ണൻ ഏത് നിലയിൽ നോക്കിയാലും ഈ പുരസ്‌കാരത്തിന് അർഹൻ ആണ്. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന് അത് നൽകാൻ സാധിച്ചിട്ടില്ല. മരണാനന്തര ബഹുമതി ആയെങ്കിലും എം.ജെ രാധാകൃഷ്ണന് ജെ. സി. ദാനിയേൽ പുരസ്കാരം നൽകേണ്ടതാണ്. മലയാള സിനിമയിൽ ആ പുരസ്കാരം അർഹിക്കുന്ന ആളുകളിൽ ഏറ്റവും മുൻ നിരയിലുള്ള ഒരു പേര് അദ്ദേഹത്തിന്റ്റേത് തന്നെയാണ്. വരും വർഷം എങ്കിലും അതുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു .. അർഹതയ്ക്ക് വൈകി ആയാലും അർഹിക്കുന്ന അംഗീകാരം നൽകേണ്ടതുണ്ട് .. .

By Ishika

Leave a Reply

Your email address will not be published. Required fields are marked *