ഹൈദരാബാദ്:
മുതിര്‍ന്ന പത്രപ്രവര്‍ത്തകയും അവതാരകയുമായ, മോജോ ടി.വി ചാനലിന്റെ മുൻ സി.ഇ.ഒ പി. രേവതിയെ പോലീസ് അറസ്റ്റു ചെയ്തു. ടെലിവിഷന്‍ ചാനല്‍ സംവാദത്തിന് അതിഥിയായി എത്തിയ വ്യക്തിയെ ജാതിവിളിച്ച് അധിക്ഷേപിച്ചെന്നു ആരോപിച്ച് ദലിത് സംഘടന നേതാവ് എച്ച്. പ്രസാദ് നൽകിയ പരാതിയിലാണ് സ്വവസതിയില്‍ വച്ച് രേവതി അറസ്റ്റിലായത്. സംഭവത്തില്‍ പങ്കുള്ള രേവതിയുടെ സഹപ്രവര്ത്തകന് രഘുവിനെ പോലീസ് അന്വേഷിക്കുന്നുണ്ട്.
സ്ത്രീ മാധ്യമപ്രവർത്തകരെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ നടന്ന ചാനല്‍ സംവാദത്തിനിടെയാണ് സംഭവം. ചൂടേറിയ സംവാദത്തിനിടെ പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ രേവതിയും രഘുവും പ്രസാദിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വാർത്തകൾ.
പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി അതിക്രമം തടയല്‍ നിയമപ്രകാരമാണ് രേവതിയെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തതെന്നും കോടതിയില്‍ ഹാജരാക്കിയ അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തെന്നും അസി. പോലീസ് കമ്മീഷണര്‍ കെ. ശ്രീനിവാസ് റാവു പറഞ്ഞു. വാറന്റ് ഇല്ലാതെ എത്തിയ പോലീസ് വീട്ടില്‍വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും, തന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നും വീട്ടിലെ പോലീസ് സാന്നിധ്യം വിഡിയോയില്‍ പകര്‍ത്തുന്നത് തടഞ്ഞെന്നും രേവതി പിന്നീട് ട്വീറ്റ് ചെയ്തു.