ഡൽഹി:
ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടർ ആയും, ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടർ അൻഷുല കാന്തിനെ നിയമിച്ചു.
ഇനി വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്‍റെ ധനകാര്യ, റിസ്ക് മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്നത് അന്‍ഷുലയായിരിക്കും. അന്‍ഷുല കാന്തിനെ നിയമിച്ചതില്‍ താന്‍ സംതൃപ്തനാണെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ്സ് പറഞ്ഞു. അന്‍ഷുലയ്ക്ക് ധനകാര്യ, ബാങ്കിംഗ് മേഖലകളില്‍ 35 വര്‍ഷത്തെ പരിചയമുണ്ട്. റിസ്ക്, ട്രെഷറി, ഫണ്ടിംഗ് , ഓപ്പറേഷന്‍സ് തുടങ്ങിയ മേഖലകളില്‍ നേതൃപാടവമുള്ള ആളാണ് അന്‍ഷുല. അന്‍ഷുലയെ താന്‍ തങ്ങളുടെ ഭരണസമിതിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മാല്‍പാസ്സ് വ്യക്തമാക്കി.
എസ്ബിഐ എംഡി എന്ന നിലയില്‍ 38 ബില്യണ്‍ ഡോളര്‍ വരുമാനവും 500 ബില്യണ്‍ ആസ്തിയും എസ്ബിഐയ്ക്ക് അന്‍ഷുല നേടിക്കൊടുത്തു. എസ്ബിഐയുടെ മൂലധന അടിത്തറ ഭദ്രമാക്കുന്നതിനും നേട്ടം ഉറപ്പുവരുത്തുന്നതിലുമായിരുന്നു അന്‍ഷുലയുടെ ശ്രദ്ധ. ഇക്കാര്യത്തില്‍ അന്‍ഷുല വലിയ നേട്ടം സ്വന്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ഓണേഴ്സും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷം 1983ലാണ് അന്‍ഷുല എസ്ബിഐയുടെ ഭാഗമാകുന്നത്. 2018 സെപ്റ്റംബറിലാണ് എസ്ബിഐ മാനേജിങ് ഡയറക്ടറായി അവര്‍ ചുമതലയേറ്റത്.