Mon. Dec 23rd, 2024
#ദിനസരികള്‍ 817

 

കാന്താരി മുളകിന് 230 രൂപ വിലയുണ്ടായിരുന്ന സമയം എന്റെ വീട്ടില്‍ മുളകുണ്ട് കൊണ്ടു വരട്ടെ എത്ര രൂപ വെച്ചു തരും എന്ന് ഞാനൊരു കച്ചവടക്കാരനോട് ചോദിച്ചു. അയാളുടെ മറുപടി കാന്താരിക്കൊക്കെ മാര്‍ക്കറ്റ് കുറവാ. ഒരു പതിനഞ്ചു രൂപയ്ക്ക് ഞാനെടുത്തോളാം എന്നായിരുന്നു.

അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആ മറുപടി എന്നെ ഞെട്ടിച്ചു. പതിനഞ്ചു രൂപയ്ക്ക് വാങ്ങുന്ന മുളകാണ് ഇരുനൂറ്റി മുപ്പതു രൂപയ്ക്ക് വിറ്റഴിക്കുന്നത്. പിന്നെ എന്തുകൊണ്ടാണിത്ര വില എന്നു ചോദിച്ചപ്പോള്‍ കാന്താരി നിറച്ചു വെച്ച ചാക്കിലേക്ക് വിരല്‍ ചൂണ്ടി പച്ചക്കറി ഇരുന്നുണങ്ങി തൂക്കം കുറഞ്ഞു പോകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാന്താരിമുളക് അങ്ങനെ ആരും വാങ്ങാതെ ഇരുന്നുണങ്ങിപ്പോകുന്ന ഒരു സാധനമല്ല എന്നത് എനിക്കറിയാമായിരുന്നുവെങ്കിലും അദ്ദേഹത്തോട് പിന്നൊന്നും തന്നെ ചോദിക്കാന്‍ മുതിര്‍ന്നില്ല. പിറ്റേദിവസം ആ വഴി കടന്നു പോയപ്പോള്‍ കാന്താരിയുണ്ടോയെന്ന് വെറുതെ ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി.

ഒരു ഓണക്കാലത്ത് നടന്ന മറ്റൊരു സംഭവം പറയട്ടെ. രണ്ടോ മൂന്നോ കൊല്ലം മുമ്പാണ്. മാനന്തവാടിയിലെ ഗാന്ധിപാര്‍ക്കില്‍ ഓണദിവസങ്ങളില്‍ കുറച്ചു ദിവസത്തേക്ക് പൊതുസ്ഥലത്ത് ചന്ത നടത്താന്‍ അനുവദിക്കാറുണ്ട്. അന്നവിടെ വിലയുടെ കാര്യത്തില്‍ വലിയ കൊള്ള തന്നെ നടന്നുവെന്ന് പറയാം.തൊട്ടടുത്ത് പച്ചക്കറിക്കടയില്‍ നിന്നും 27 രൂപയ്ക്ക വാങ്ങുന്ന കാരറ്റ് അവിടെ വിറ്റഴിച്ചത് തൊണ്ണൂറു രൂപയ്ക്കാണ്. രണ്ടിടത്തു നിന്നും സാധനങ്ങള്‍ കിട്ടുന്ന വിലയുടെ ഒരു ലിസ്റ്റ് അന്ന് ഞാനുണ്ടാക്കിയിരുന്നു. ബീന്‍സിന് 32 രൂപയ്ക്ക് വാങ്ങി നൂറ്റിപ്പത്തു രൂപയ്ക്ക് വിറ്റു. തക്കാളി 17 രൂപയ്ക്ക് വാങ്ങുന്നത് 45 രൂപയ്ക്കാണ് വിറ്റത്. മുരിങ്ങക്ക 28 രൂപയ്ക്ക് വാങ്ങി 85 നും 90 നുമൊക്കെയാണ് വിറ്റത്. ഇകാര്യങ്ങളെപ്പറ്റി ചിലരോടൊക്കെ ചോദിച്ചപ്പോള്‍ ഓണമല്ലേ, നമുക്കും ജീവിക്കണ്ടേ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. അതുപോലെതന്നെയാണ് ഓണത്തിനും വിഷുവിനുമൊക്കെ നടക്കുന്ന പൂക്കളുടെ കച്ചവടം. ഒരു കുടന്നപ്പൂവിന് 300 ഉം നാനൂറും രൂപയാണ് വില. കിട്ടുന്നതിനെക്കാള്‍ എത്രയോ ഇരട്ടിയ്ക്കു വിറ്റഴിക്കുന്നു.

ഇന്നലെ വരെ ചിക്കന് 190 രൂപയോളം വില വന്നു. അപ്പോഴാണ് വിഷയവുമായി ബന്ധപ്പെട്ട് ഇടതു യുവജന സംഘടന സമരം നടത്താന്‍ തീരുമാനിച്ചത്. ആ വിവരം അറിഞ്ഞതോടെ ചിക്കന്റെ വില ഇടിഞ്ഞു. ഇന്നലെ വൈകുന്നേരമായപ്പോഴേക്കും 150 നോ140 നോ ചിക്കന്‍ കൊടുക്കാന്‍ തുടങ്ങി.

അവസരങ്ങളുണ്ടാകുമ്പോള്‍ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നതു നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ആവശ്യവുമായി വരുന്നവരെ കൊള്ളയടിക്കുന്ന സമീപനമുണ്ടാകരുത്. ഇപ്പുറത്തെ മൊത്ത വ്യാപാരിയില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി അപ്പുറത്തെ ഫുട്പാത്തില്‍ കൊണ്ടുപോയിട്ട് തോന്നിയ വിലയ്ക്ക് കച്ചവടം ചെയ്യുന്നതിനെ അധ്വാനിച്ച് ജീവിക്കുക എന്നല്ല പറയേണ്ടത്. വാങ്ങാന്‍ വരുന്നവനും വിയര്‍പ്പില്‍ നിന്നും ശരാശരി ജീവിതം നയിക്കുന്നവരാണെന്ന ബോധ്യമുണ്ടാകേണ്ടതുണ്ട്. എന്തില്‍ നിന്നെങ്കിലുമൊക്കെ മിച്ചം പിടിച്ച് ആഗ്രഹിക്കുന്ന മറ്റെന്തെങ്കിലുമൊക്കെ സ്വന്തമാക്കി സന്തോഷപൂര്‍വ്വം ജീവിക്കാന്‍ പരിശ്രമിക്കുന്ന അക്കൂട്ടരെ കൊള്ളയടിക്കുന്ന പരിപാടികളെ ചെറുക്കേണ്ടതുതന്നെയാണ്.

ഇതു പറ്റില്ല എന്ന് കര്‍ശനമായി ഒരിക്കല്‍ പറഞ്ഞപ്പോള്‍ വന്ന പ്രതികരണം കൂടി കേള്‍ക്കുക. “ഫുട്പാത്തിലൊക്കെ കച്ചവടം ചെയ്യുന്നവര്‍ ജീവിക്കാന്‍ ഒരു ഗതിയുമില്ലാഞ്ഞിട്ടാണ് അതിനിറങ്ങുന്നത് അവരെ ബുദ്ധിമുട്ടിക്കുന്നതെന്തിനാണ്? വെറും പാവങ്ങളാണ് അവര്‍. ഒന്നോ രണ്ടോ ദിവസത്തേക്കല്ലേ? അത്രക്കങ്ങ് സാരമാക്കാനില്ല. ഇവിടെ നാടുകൊള്ളയടിക്കുന്ന എത്രയോ ആളുകളുണ്ട്. അവരുടെ കാര്യത്തിലൊന്നും ഒരിടപെടലുമുണ്ടാകുന്നില്ലല്ലോ” ഈ മറുപടിയിലെ അസംബന്ധം എത്ര പറഞ്ഞാലും അവര്‍ മനസ്സിലാക്കുന്നില്ല. പാവപ്പെട്ടവന്റെ പേരില്‍ അവര്‍ അവകാശപ്പെടുന്ന അതേ ആനുകൂല്യം അവിടെയെത്തി സാധനം വാങ്ങുന്നവനും ലഭിക്കേണ്ടതുണ്ടെന്നത് ബോധപൂര്‍വ്വം അവഗണിക്കുന്നു. ചൂഷണം ആരു ചെയ്താലും ചൂഷണം തന്നെയാണെന്ന് പറയാന്‍ നാം മടിക്കുന്നു.

ഇത് എന്റെ നാട്ടിലെ ഒരു കൊച്ചു പട്ടണത്തിലെ കഥയാണ്. കേരളത്തില്‍ ആകമാനം ഇത്തരം ഉദാഹരണങ്ങള്‍ ബാധകമാകുന്നുവെന്നതാണ് ദയനീയമായ വസ്തുത. പ്രാദേശിക ഭരണകൂടങ്ങളുടെ ഇടപെടലുകള്‍ ഇത്തരം ആഘോഷ വിപണികളില്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ഈ സംഭവങ്ങള്‍ അടിവരയിടുന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *