ജയ് ശ്രീറാം വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്നു കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഒരു ദേശീയമാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ മന്ത്രിയുടെ അഭിപ്രായം വ്യക്തമാക്കി. ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാന്‍ ആവശ്യത്തിനു നിയമങ്ങള്‍ രാജ്യത്തുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പോലീസിന്റെയും ഡോക്ടര്‍മാരുടെയും പിഴവാണ് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട അക്രമത്തിനിരയായ തബ്രീസ് അന്‍സാരി എന്ന യുവാവ് മരിക്കാന്‍ കാരണമായതെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണു കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയുടെ പ്രതികരണം. ജയ് ശ്രീറാം, ജയ് ഹനുമാന് എന്നിങ്ങനെ വിളിക്കാന്‍ നിര്‍ബന്ധിച്ച അക്രമികള്‍ തബ്രീസിനെ പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദിക്കുകയായിരുന്നു. തബ്രീസ് ആശുപത്രിയില്‍ മരിച്ചു.
ആള്‍ക്കൂട്ട അക്രമങ്ങളില്‍ കുറ്റക്കാര്‍ ഉടനടി പിടിയിലായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു. ആരെയും ഒന്നിനും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും വന്ദേമാതരം പാടണമെന്ന ആവശ്യം നിരസിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ആരെയും തളച്ചിടുന്ന പാര്‍ട്ടിയല്ലെന്നും പാര്‍ട്ടി നല്കുന്ന സ്വാതന്ത്ര്യ ദുരുപയോഗിച്ചാല്‍ കര്‍ശനനടപടി ഉണ്ടാകുമെന്നായിരുന്നു മധ്യപ്രദേശിലെ ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗീയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബാറ്റുകൊണ്ട് അടിച്ചതിനു മന്ത്രി നല്കിയ മറുപടി.