തിരുവനന്തപുരം:
ലോക് സഭ തെരെഞ്ഞെടുപ്പിനു ശേഷം ഒഴിവു വന്ന സംസ്ഥാനത്തെ ആറു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടന്നേക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, പാലാ, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബറില്‍ ഉപതെരഞ്ഞെടുപ്പു നടത്താമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു ശുപാര്‍ശ നല്കി.
തെരഞ്ഞെടുപ്പു തീയതി നിശ്ചയിക്കുമ്ബോള്‍ കാലവര്‍ഷം, ഓണം എന്നിവ കൂടി പരിഗണിക്കണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒക്ടോബര്‍ ആദ്യം ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണു പ്രതീക്ഷ. കേരളം കൂടാതെ നാലു സംസ്ഥാനങ്ങളില്‍ക്കൂടി ഉപതെരഞ്ഞെടുപ്പു നടക്കേണ്ടതുണ്ട്. അവിടങ്ങളിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാകും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അന്തിമതീയതി നിശ്ചയിക്കുക.
കോണ്‍ഗ്രസ് നേതാക്കളായ കെ. മുരളീധരന്, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, സിപിഎം നേതാവ് എ.എം. ആരിഫ് എന്നിവര്‍ ലോക്സഭയിലേക്ക് വിജയിച്ച ഒഴിവിലാണ് നാലു മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ നിര്യാണം മൂലമാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടിവരുന്നത്. മുസ്ലിംലീഗ് പ്രതിനിധി പി.ബി. അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ കേസ് നിലവിലിരിക്കേ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന് നല്കിയ തെരഞ്ഞെടുപ്പ് കേസും നിലവിലുണ്ട്. എന്നാല്‍ മുരളീധരന് എംപിയാകുകയും, നിയമസഭാംഗത്വം രാജിവെക്കുകയും ചെയ്തതോടെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് ലഭിച്ച നിയമോപദേശം. ഉപതെരഞ്ഞെടുപ്പ് ലാക്കാക്കി രാഷ്ട്രീയപാര്‍ട്ടികള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്..